ന്യൂഡൽഹി : രാഷ്‌ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങൾ ഒടുവിൽ അംഗീകരിച്ച് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ എല്ലാ നേതാക്കളും വരുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബിജെപി ഭരണകാലത്ത് നടന്ന അഴിമതികൾ തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും സച്ചിൻ പൈലറ്റും അറിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന സംസ്ഥാന നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം. മുൻ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ ഉൾപ്പെട്ട അഴിമതിക്കേസുകളില്‍ നടപടിയെടുക്കണമെന്നും പേപ്പർ ചോർച്ചയാൽ പ്രശസ്‌തി നഷ്‌ടപ്പെട്ട രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷനെ നവീകരിക്കണമെന്നുമായിരുന്നു സച്ചിൻ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ. ഇത് തന്നെയാണ് സംസ്ഥാനത്ത് രാഷ്‌ട്രീയ പ്രതിസന്ധിക്കും കാരണമായിരുന്നത്. ഈ ആവശ്യങ്ങൾ സംബന്ധിച്ച് അടുത്ത നിയമസഭ സമ്മേളനത്തിൽ നടപടികളുണ്ടാകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
പ്രചാരണത്തിന് നാളെ തുടക്കം :തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അവലോകനം ചെയ്യുന്നതിനായി നാല് മണിക്കൂർ നീണ്ട യോഗമാണ് ഡൽഹിയിൽ നടന്നത്. അതേസമയം രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കമിടുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു. അതിന്‍റെ ഭാഗമായി സാമ്പത്തിക ഭദ്രതയില്ലാത്തവരുടേയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഹുൽ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു. സെപ്‌റ്റംബർ ആദ്യവാരം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി തീരുമാനം.