ന്യൂഡല്‍ഹി: രാജസ്ഥാനില്‍ അശോക് ഗെലാട്ട് - സച്ചിന്‍ പൈലറ്റ് പടലപ്പിണക്കങ്ങള്‍ക്ക് താത്‌കാലിക ആശ്വാസം സമ്മാനിച്ച് രാഹുല്‍ ഗാന്ധിയുടെ വൈകാരിക സമീപനം. മുതിര്‍ന്ന നേതാക്കളായ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളും കൊമ്പുകോര്‍ക്കലും പരസ്‌പരം എന്നതിലുപരി സംസ്ഥാന ഭരണത്തില്‍ പോലും പോറല്‍ വീഴ്‌ത്തുമെന്ന ഘട്ടത്തിലാണ് 'ഇമോഷണല്‍' പ്രതിവിധിയുമായി രാഹുല്‍ കളം നിറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും അതുവഴി ഹൈക്കമാന്‍ഡും നടത്തുന്ന ഈ അല്‍പസമയ അനുനയ നീക്കങ്ങളുടെ ആയുസ് തുലാസിലായതുകൊണ്ടുതന്നെ യഥാര്‍ഥ പ്രതിവിധിയ്‌ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഏറെ പണിപ്പെടേണ്ടതായി വരുമെന്നതും തീര്‍ച്ചയാണ്.
സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായതില്‍ സന്തോഷമുണ്ടെന്നും, വിശദാംശങ്ങളിലേക്ക് വൈകാതെ കടക്കുമെന്നുമായിരുന്നു അനുനയ ചര്‍ച്ചകള്‍ക്ക് ശേഷം രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്‌ജീന്ദർ സിങ് രൺധാവ ഇടിവി ഭാരതിനോട് പ്രതികരിച്ചത്. വാക്കുകളില്‍ പ്രശ്‌നപരിഹാരം കണ്ടെത്തിയതിന്‍റെ ആശ്വാസം കാണാമെങ്കിലും അധികം വൈകാതെ സമവായ ഫോര്‍മുലയുടെ കരട് തയ്യാറാക്കണമെന്ന വലിയ ദൗത്യം ബാക്കി നില്‍ക്കുന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്.
അനുനയം ഇങ്ങനെ:കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നതനുസരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗെലോട്ടുമായും പൈലറ്റുമായും വെവ്വേറെ കൂടിയാലോചനകളും ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമാധാന അന്തരീക്ഷം പ്രകടമായതോടെ ഇരുനേതാക്കളെയും ഒരുമിച്ചുകൂട്ടിയും ചര്‍ച്ചകള്‍ നടന്നു. മുമ്പ് തീരുമാനിച്ചുറപ്പിച്ച യുഎസ് സന്ദര്‍ശനത്തിനായി ചൊവ്വാഴ്‌ച (മെയ് 30) തിരിക്കേണ്ടിയിരുന്നുവെങ്കിലും ഈ ചര്‍ച്ചകളിലെല്ലാം തന്നെ രാഹുല്‍ ഗാന്ധിയും അക്ഷമനായി ചേര്‍ന്നുനിന്നു. ഇരുവരുടെയും സ്ഥാനങ്ങളും താത്‌പര്യങ്ങളും പാര്‍ട്ടി സംരക്ഷിക്കുമെന്നും രാഷ്‌ട്രീയ നിലയെ മാനിക്കുമെന്നും ഉറപ്പുനല്‍കിയായിരുന്നു രാഹുലിന്‍റെ വൈകാരിക പ്രതിവിധി. സംസ്ഥാനത്ത് വിജയിക്കാന്‍ ഇരുവരുടെയും പങ്ക് ചോദ്യം ചെയ്യാനാവാത്തതാണെന്ന് ഇരുവരെയും ധരിപ്പിച്ച് രാഹുല്‍ ഈ ഉറപ്പിനെ അരക്കിട്ട് ഉറപ്പിച്ചു.