ജയ്‌പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് ജില്ലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ രാജസ്ഥാൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ വിവാഹങ്ങളിൽ പങ്കെടുക്കാനും അവശ്യവസ്തുക്കൾ വാങ്ങാനും ട്രെയിൻ, ബസ്, വിമാന യാത്രക്കാർ, അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ടവർ എന്നിവരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ജയ്പൂർ, ജോധ്പൂർ, കോട്ട, ബിക്കാനീർ, ഉദയ്പൂർ, അജ്മീർ, അൽവാർ, ഭിൽവാര എന്നിവിടങ്ങളിലാണ് നിയന്ത്രണം.
രാജസ്ഥാനിലെ എട്ട് ജില്ലകളില്‍ കര്‍ഫ്യൂ - രാജസ്ഥാനില്‍ കര്‍ഫ്യു
ജയ്പൂർ, ജോധ്പൂർ, കോട്ട, ബിക്കാനീർ, ഉദയ്പൂർ, അജ്മീർ, അൽവാർ, ഭിൽവാര എന്നിവിടങ്ങളിലാണ് നിയന്ത്രണം.
ഈ ജില്ലകളിലെ നഗരപ്രദേശങ്ങളിലെ മാർക്കറ്റുകൾ, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ രാത്രി ഏഴ് മണിയോടെ അടയ്ക്കും. കർഫ്യൂ രാത്രി എട്ട് മണി മുതൽ ആരംഭിക്കും. നൂറില്‍ കൂടുതൽ ജീവനക്കാരുള്ള ഈ ജില്ലകളിലെ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ പരമാവധി 75 ശതമാനം ജീവനക്കാരെ മാത്രമെ പ്രവേശിപ്പാകാനാകു. റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥർ ഓഫിസിലെത്തുക.
വിവാഹം, മത, സാമൂഹിക, സാംസ്കാരിക പരിപാടികൾ, രാഷ്ട്രീയ പരിപാടികൾ എന്നിവയ്‌ക്ക് നൂറ് പേരെ മാത്രമേ അനുവദിക്കൂ. ഒപ്പം മാസ്ക് ധരിക്കാത്തതിന്‍റെ പിഴ 200 മുതൽ 500 രൂപ വരെ വർധിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ച നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു.