ദന്‍ഗര്‍ഗഡ്:രാജസ്ഥാനിലെ ബിക്കാനീറില്‍ അജ്ഞാതവാഹനം കാറിലിടിച്ച് നാല് മരണം. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ദന്‍ഗര്‍ഗഡിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാറിലിടിച്ച വലിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. മൂന്ന് സ്‌ത്രീകളും എട്ട് കുട്ടികളുമടക്കം പന്ത്രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. ഗോപിറാം എന്നയാളും മൂന്ന് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. മരിച്ച കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപകടമുണ്ടാക്കിയ വലിയ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീദന്‍ഗര്‍ഗഡ് ആശുപത്രിയില്‍ വച്ചാണ് കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ഗോപിറാം പിബിഎം ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് മരിച്ചത്. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. മരിച്ച ഗോപിറാമിന്‍റെ സഹോദരിമാരും മക്കളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
സുര്‍ജന്‍സറിലെയും ബിറംസറിലെയും അവരവരുടെ വീടുകളിലേക്ക് ഇവരെ എത്തിക്കാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. ജില്ല കലക്ടര്‍ ഭഗവതി പ്രസാദ് കല്ലയും ജില്ല പൊലീസ് മേധാവി തേജസ്വിനി ഗൗതവും പിബിഎം ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
also read: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ചു; 6 പൊലീസുകാർക്ക് ദാരുണാന്ത്യം