ജയ്‌പൂർ :ലോക കാൻസർ ദിനത്തിൽ വിചിത്ര വാദവുമായി രാജസ്ഥാൻ ആരോഗ്യമന്ത്രി പർസാദി ലാൽ മീണ. പുകയിലയുടെ ഉപയോഗം കാൻസറിന് കാരണമാകില്ലെന്നായിരുന്നു മീണയുടെ പരാമര്‍ശം. ലോക കാൻസർ ദിനത്തിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാദ പ്രസ്‌താവന. ഡോക്‌ടർമാരുടേയും അർബുദ വിദഗ്‌ധരുടേയും സാന്നിധ്യത്തിലാണ് മീണ ഇങ്ങനെ പറഞ്ഞത്.
പുകയില ചവയ്ക്കുന്നതും മറ്റെന്തെങ്കിലും രൂപത്തിൽ ഉപയോഗിക്കുന്നതും ക്യാന്‍സറും തമ്മില്‍ യാതൊരു ബന്ധവുമില്ല. പുകയില ഉപയോഗിക്കാത്തവർക്ക് പോലും കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മീണ പറഞ്ഞു.
Also Read: താലിബാന്‍റെ പരിഷ്കരണം! 2735 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി പോയി, 72% വനിതകള്‍
രാജ്യത്തെ 6 ശതമാനം കാൻസർ രോഗികളും രാജസ്ഥാനിലായതിനാൽ സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മീണ. കഴിഞ്ഞ 60 വർഷമായി പുകയില ഉപയോഗിക്കുന്ന, ഗ്രാമങ്ങളിലെ ആളുകൾക്ക് കാൻസർ വന്നിട്ടില്ല.
എന്നാൽ പുകയില ഉപയോഗിക്കാത്തവർക്കും സിഗരറ്റ് വലിക്കാത്തവർക്കും കാൻസർ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മീണ പറയുന്നു. ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരും ഡോക്‌ടർമാരും വിദഗ്ധരും പങ്കെടുത്ത ചടങ്ങിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആരോഗ്യമന്ത്രിയുടെ വിവാദ പ്രസ്‌താവന.