ജയ്‌പൂര്‍: രാജ്യത്തെ മൂന്ന് പ്രമുഖ ടെലികോം കമ്പനികൾ രാജസ്ഥാൻ സർക്കാരിന്‍റെ മുഖ്യമന്ത്രി ഡിജിറ്റൽ സേവ യോജന പദ്ധതിയില്‍ താൽപര്യം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ 1.35 കോടി സ്‌ത്രീകള്‍ക്ക് മൂന്ന് വർഷത്തേക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്‌മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന പദ്ധതിയാണ് ഡിജിറ്റൽ സേവ യോജന. പദ്ധതി നടപ്പിലാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ബുധനാഴ്‌ച ആരംഭിച്ചു.
പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച വോഡഫോണ്‍ കമ്പനി ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് ഹാജരായിരുന്നില്ല. അടുത്ത വര്‍ഷം ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂന്ന് വർഷത്തേക്കുള്ള മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ്, മറ്റ് സേവനങ്ങൾ എന്നിവയുൾപ്പെടെ 12,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
സര്‍ക്കാറിന്‍റെ ഉന്നത തലസമിതികള്‍ ടെന്‍ഡറുകള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഛത്രപാൽ സിംഗ് പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് സ്‌മാർട്ട് ഫോണുകളുടെ ആദ്യ ബാച്ച് സർക്കാരിന് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അധികൃതര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെലോട്ട് ഈ വര്‍ഷത്തെ ബജറ്റിലുള്‍പ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
സർക്കാർ ഉടമസ്ഥതയിലുള്ള രാജ്കോമ്പിനാണ് പദ്ധതി നടത്തിപ്പിന്‍റെ ചുമതല. പദ്ധതിയിലൂടെ ലഭിക്കുന്ന മൊബൈലില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. എന്നാല്‍ അതില്‍ ഒരെണ്ണം മാറ്റാന്‍ കഴിയാത്ത രീതിയിലാണ് സജീകരിച്ചിരിക്കുന്നത്.
ഡിജിറ്റൽ സേവാ യോജനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്:രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ മുഖ്യമന്ത്രി ഡിജിറ്റല്‍ സേവ യോജനപദ്ധതിയിലൂടെ സ്‌ത്രീകളുടെ ക്ഷേമവും ഉന്നമനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്‌മാര്‍ട്ട് ഫോണുകള്‍ പ്രയോജനപ്പെടുത്തി സ്‌ത്രീകള്‍ക്ക് സ്വയം തൊഴിലിടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് മാത്രമല്ല സ്‌ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള പദ്ധതി സ്വീകരിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പദ്ധതിയിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിവും താല്‍പര്യവുമുള്ള 20,000 സ്‌ത്രീകള്‍ക്ക് ജോലി നല്‍കും. അതോടൊപ്പം സ്‌ത്രീകള്‍ക്ക് അനുകൂലമായ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും പദ്ധതി പ്രയോജനകരമാകും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാനത്തെ ഡിജിറ്റലൈസേഷന്‍ ശക്തിപ്പെടുത്തും.