ജയ്‌പൂര്‍:ഗാന്ധി ജയന്തി ദിനത്തിലേയ്ക്ക് കടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, സമാധാന-അഹിംസ വകുപ്പ് രൂപീകരിച്ച് രാജസ്ഥാന്‍. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം ഗവർണർ കൽരാജ് മിശ്ര അംഗീകരിച്ചു. ബജറ്റ് പ്രഖ്യാപനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പുതിയ വകുപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മന്ത്രിസഭയിൽ തയ്യാറാക്കിയ നിർദേശം ഗവർണർ കൽരാജ് മിശ്രയുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. നേരത്തെ സംസ്ഥാനത്ത് പീസ് ആൻഡ് നോൺ വയലൻസ് ഡയറക്‌ടറേറ്റ് ആരംഭിച്ചിരുന്നു. 'ഇക്കാലത്ത് യുവാക്കളെ ഗാന്ധിയുടെ സന്ദേശങ്ങളോട് കൂടുതൽ അടുപ്പിക്കേണ്ടതുണ്ട്, അതിനാണ് ഈ ശ്രമം' എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഗെലോട്ട് നടത്തിയ പ്രസ്‌താവന.
'സമാധാനം' പോര് മുറുകുന്നതിനിടെ:ഗാന്ധി സന്ദേശം താഴേത്തട്ടിലേയ്ക്ക് എത്തിക്കുന്നതിന് പുറമെ പരസ്‌പര സാഹോദര്യബന്ധം ദൃഢമാക്കുകയാണ് ഈ വകുപ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്. കല-സാംസ്‌കാരിക വകുപ്പിന്‍റെ മാതൃവകുപ്പായിട്ടാവും പുതിയ വകുപ്പ് പ്രവര്‍ത്തിക്കുക. അതേസമയം സംസ്ഥാനത്ത് അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോര് മുറുകുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഗെലോട്ടിന്‍റെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചതോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി പദമൊഴിയില്ലെന്ന് ഗെലോട്ട് നിലപാട് വ്യക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാതിരിക്കാൻ ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ സ്‌പീക്കര്‍ക്ക് രാജി നല്‍കി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്‌തു.
ഇതേ തുടർന്നാണ് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്നും എഐസിസി പിന്നാക്കം പോയത്. പിന്നാലെ തന്നോടൊപ്പമാണ് പാര്‍ട്ടിയിലെ കൂടുതല്‍ എംഎല്‍എമാരെന്ന കണക്കുയര്‍ത്തി ഗെലോട്ട് രംഗത്തെത്തി. ഇതിന് ശേഷം സച്ചിന്‍ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറാന്‍ സാധ്യതയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.