ജയ്‌പൂര്‍ :രാജസ്ഥാനിലെ ദുംഗർപുർ മെഡിക്കൽ കോളജില്‍ തീപിടിത്തം. ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ (NICU) ഇന്നലെ രാത്രിയിലാണ് തീപിടിത്തമുണ്ടായത്. പന്ത്രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
രാജസ്ഥാനിലെ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിത്തം ; 12 കുട്ടികളെ രക്ഷപ്പെടുത്തി - Dungarpur Medical College fire
ഇന്നലെ രാത്രിയോടെയാണ് ദുംഗർപുർ മെഡിക്കൽ കോളജില്‍ തീപിടിത്തം ഉണ്ടായത്.
മൂന്ന് അഗ്നിശമനസേനായൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചതെന്നും 12 കുട്ടികളെ രക്ഷപ്പെടുത്തിയെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ മഹേന്ദ്ര ദാമോർ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ വേഗത്തില്‍ അവിടെയെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നുവെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥന്‍ ബാബുലാൽ ചൗധരി വ്യക്തമാക്കി. അതേസമയം തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
റെസ്റ്റോറന്‍റിലും തീപിടിത്തം : രാജസ്ഥാന്‍ ഉദയ്‌പൂര്‍ ജില്ലയിലെ ഗുലാബ് ബാഗില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്‍റിലാണ് ഇന്നലെ രാത്രിയില്‍ തീപിടിത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നിരവധി അഗ്നിശമന സേനായൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളോ ആളപായമോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.