ജയ്‌പൂര്‍:പശുക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി രാജസ്ഥാനിലെ ബിജെപി നേതാവിന്‍റെ വീഡിയോ പുറത്ത്. മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഗ്യാന്‍ദേവ് അഹൂജയാണ് വിവാദ പ്രസ്‌താവന നടത്തിയത്. ഇതിന്‍റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിങ് ടോട്ടാസരാ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടു.
തന്‍റെ അനുയായികൾ ഇതുവരെ അഞ്ചുപേരെ കൊന്നുവെന്ന് ഗ്യാന്‍ദേവ് അഹൂജ വീഡിയോയില്‍ പറയുന്നു. 2017ലും 2018ലും പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന പെഹ്‌ലു ഖാന്‍, റക്‌ബര്‍ ഖാന്‍ എന്നിവരാണ് ഇവരില്‍ രണ്ട് പേരെന്നും അഹൂജ സൂചിപ്പിക്കുന്നുണ്ട്. പശുവിനെ കടത്തുന്നവരേയും അറക്കുന്നവരെയും വെറുതെ വിടില്ലെന്നും അവരെ കൊല്ലണമെന്നും ബിജെപി നേതാവ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
'ഇതുവരെ അഞ്ച് പേരെ കൊന്നു':മോഷണക്കുറ്റം ആരോപിച്ച് ഓഗസ്റ്റ് 14ന് ഗോവിന്ദ്ഗഢ് ടൗണിൽ വച്ച് പച്ചക്കറി വില്‍പനക്കാരനായ ചിരഞ്‌ജി ലാൽ സെയ്‌നി എന്നയാളെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സെയ്‌നി പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്‌ച സെയ്‌നിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബിജെപി നേതാവ് വിവാദ പ്രസ്‌താവന നടത്തിയത്.
'നമ്മള്‍ ഇതുവരെ അഞ്ച് പേരെ കൊന്നു, അത് ലാല്‍വണ്ടിയിലോ ബഹ്‌റോഡിലോ ആകട്ടെ. ഈ പ്രദേശത്ത് ഇതാദ്യമായാണ് അവര്‍ ഒരാളെ കൊല്ലുന്നത്. ഞാൻ പ്രവര്‍ത്തകര്‍ക്ക് കൊല്ലാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവരെ ജയിലില്‍ നിന്ന് പുറത്തിറക്കുകയും ജാമ്യം നേടിക്കൊടുക്കുകയും ചെയ്യും,' അഹൂജ പറയുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മതസൗഹാര്‍ദം തകര്‍ത്തതിനും വിദ്വേഷം പ്രചരിപ്പിച്ചതിനും അഹൂജക്കെതിരെ പൊലീസ് കേസെടുത്തു. വീഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസ്. അഹൂജയുടെ പ്രസ്‌താവനയെ തള്ളി ബിജെപി അല്‍വാര്‍ യൂണിറ്റും രംഗത്തെത്തിയിരുന്നു. അഹൂജയുടേത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ കാഴ്‌ചപ്പാടല്ലെന്നും അൽവാർ സൗത്ത് യൂണിറ്റ് മേധാവി സഞ്ജയ് സിങ് പറഞ്ഞു.