കരൗലി:രാജസ്ഥാനിലെ കരൗലി ജില്ലയിൽ, 19വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി, മൃതദേഹം കിണറ്റിൽ തള്ളിയതായി പരാതി. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതായും കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നദൗട്ടിയ്‌ക്ക് സമീപമുള്ള പ്രദേശത്തെ കിണറ്റിൽ നിന്നും ഇന്നലെയാണ് (ജൂലൈ 13) മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കിണറ്റില്‍ നിന്നും പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ്, കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സംഭവം അറിഞ്ഞ ഉടനെ എംപിയായ, കിരോഡി ലാൽ മീണ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പ്രതികളെ പിടികൂടുന്നതിനൊപ്പം അതിജീവിതയുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് എംപി ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലി നൽകണം, അതിനുശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്നും സംഭവത്തില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തുകൊണ്ട് എംപി പറഞ്ഞു.
സംഭവത്തില്‍ രാജസ്ഥാനില്‍ രാഷ്‌ട്രീയ പോര്:വ്യാഴാഴ്‌ച പുലർച്ചെ, പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. സമീപവാസികൾ കിണറ്റിൽ വെള്ളമെടുക്കാൻ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. അതേസമയം, സംഭവത്തില്‍ കിരോഡി ലാൽ മീണ രാഷ്‌ട്രീയ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള അശോക് ഗെലോട്ട് സർക്കാരിന് കീഴിൽ ഒരു പെൺകുട്ടിയും സുരക്ഷിതരല്ലെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആരോപിച്ചു. 'പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന്, പ്രതികൾ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കത്തിച്ചു. ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയുമായിരുന്നു.' - എംപി മാധ്യമങ്ങളോട് പറഞ്ഞു.