കേരളം

kerala

ETV Bharat / bharat

Rajasthan congress | 'പ്രഗതിശീല്‍ കോണ്‍ഗ്രസ്' ഇല്ല ; പിതാവിന്‍റെ ഓര്‍മദിന ചടങ്ങിനെത്തി സച്ചിന്‍ പൈലറ്റ്, പാര്‍ട്ടിക്ക് ആശ്വാസം - അശോക് ഗെലോട്ട്

അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി പോര് കടുപ്പിച്ചതോടെയാണ് സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായത്

Etv Bharat
Etv Bharat

By

Published : Jun 11, 2023, 3:56 PM IST

Updated : Jun 11, 2023, 5:07 PM IST

ജയ്‌പൂർ :പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. സച്ചിന്‍റെ പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികത്തില്‍ പങ്കെടുത്തതോടെയാണ് നേരത്തേ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായത്. രാജേഷ് പൈലറ്റിന്‍റെ ഓര്‍മ ദിനത്തില്‍ സച്ചിന്‍, 'പ്രഗതിശീല്‍ കോണ്‍ഗ്രസ്' എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും മെഗാറാലി സംഘടിപ്പിക്കുമെന്നുമായിരുന്നു നേരത്തേ ഉയര്‍ന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവയൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സച്ചിന്‍ പൈലറ്റ് പടലപ്പിണക്കം തുടരുന്നതിനിടെ എഐസിസി നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതിന്‍റെ കൂടി ഫലമാണ് 'പ്രഗതിശീല്‍ കോണ്‍ഗ്രസില്‍' നിന്നും സച്ചിന്‍ പിന്നാക്കം പോയതെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപി ഭരണത്തിലെ അഴിമതിയില്‍ ഉന്നതതല അന്വേഷണം, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷനും (ആർ‌പി‌എസ്‌സി) അതിന്‍റെ പുനഃസംഘടനയും റദ്ദാക്കുക, പേപ്പർ ചോർച്ചയെത്തുടർന്ന് സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകൾ റദ്ദാക്കിയതില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് സച്ചിന്‍ പൈലറ്റ് മുന്നോട്ടുവച്ചത്. 2020 മുതല്‍ അശോക് ഗെലോട്ടുമായി തര്‍ക്കം തുടരുന്ന സച്ചിന്‍, പിന്നാക്കം പോവാത്ത സാഹചര്യത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ച നടന്നത്.

'എന്‍റെ ശബ്‌ദം ദുർബലമല്ല, പിന്നോട്ടില്ല':'യുവാക്കളുടെ നല്ല ഭാവിക്കായി ഞാൻ ശബ്‌ദമുയർത്തി. ഇവിടെയുള്ള ആളുകൾ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. എന്‍റെ ശബ്‌ദം ദുർബലമല്ല. ഞാൻ പിന്നോട്ട് പോകില്ല. രാജ്യത്തിന് സത്യസന്ധമായ രാഷ്ട്രീയം ആവശ്യമുണ്ട്. ജനങ്ങളുടെ ഭാവിവച്ച് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യുവാക്കളെ സംബന്ധിച്ചുള്ള എന്‍റെ നയം വ്യക്തമാണ്. എനിക്ക് സംശുദ്ധമായ രാഷ്ട്രീയം വേണം' - ഇന്ന് നടന്ന ചടങ്ങില്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പിതാവ് രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികത്തിൽ അനുസ്‌മരണക്കുറിപ്പ് സച്ചിന്‍ ട്വീറ്റ് ചെയ്‌തിരുന്നു.'എന്‍റെ ബഹുമാന്യനായ പിതാവ്, ശ്രീ രാജേഷ് പൈലറ്റ് ജിയുടെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. പ്രവര്‍ത്തിയില്‍ അദ്ദേഹം കാണിച്ച ആത്മാര്‍ഥത, പൊതുജനങ്ങളോടുള്ള അടുപ്പം തുടങ്ങിയവയാണ് എനിക്ക് വഴികാട്ടുന്നത്. അദ്ദേഹം ഒരിക്കലും തന്‍റെ ആശയങ്ങളോട് വിട്ടുവീഴ്‌ച ചെയ്‌തില്ല. പൊതുതാത്‌പര്യം പരമപ്രധാനമായാണ് അദ്ദേഹം കണക്കാക്കിയിരുന്നത്. അദ്ദേഹത്തിന്‍റെ ചിന്തകളും ആദർശങ്ങളും ഞാൻ എപ്പോഴും പിന്തുടരും' - സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു.

രാജേഷ് പൈലറ്റിന്‍റെ പ്രതിമയ്‌ക്ക് മുന്‍പില്‍ പ്രാർഥനയും ഗുജ്ജർ ഹോസ്റ്റലിന് മുന്‍പിലെ പുതിയ പ്രതിമയുടെ പ്രകാശനവും അനുസ്‌മരണത്തിന്‍റെ ഭാഗമായി നടന്നു. സച്ചിന്‍ പൈലറ്റ് പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ രാജ്യം ഉറ്റുനോക്കിയ ചടങ്ങായിരുന്നു ഇത്. രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വന്ന വാര്‍ത്തയായിട്ടും ഗെലോട്ട് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് മുൻ ഉപമുഖ്യമന്ത്രിയായ സച്ചിനും മൗനം പാലിച്ചിരുന്നു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് ഇനി വെറും ആറുമാസം മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വലിയ ജാഗ്രതയാണ് എഐസിസിക്കുള്ളത്. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പിന് മുന്‍പ് തന്ത്രങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിന്‍റെ തിരക്കിലാണ് കേന്ദ്ര നേതാക്കള്‍.

Last Updated : Jun 11, 2023, 5:07 PM IST

ABOUT THE AUTHOR

...view details