ജയ്‌പൂര്‍: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കാനുളള പ്രമേയം ഇന്ന്(17.09.2022) ചേര്‍ന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയില്‍ ഏകകണ്‌ഠമായി പാസാക്കി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് പ്രമേയം നിർദേശിച്ചതെന്ന് ഭക്ഷ്യമന്ത്രി പ്രതാപ് സിങ് ഖചാരിയ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ദേശീയ അധ്യക്ഷനാക്കാനുളള പ്രമേയം ഏകകണ്‌ഠമായി പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി - ഇന്നത്തെ പ്രധാന ദേശീയ വാര്‍ത്ത
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷനാക്കാനുളള പ്രമേയം ഇന്ന് ചേര്‍ന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയിലാണ് ഏകകണ്‌ഠമായി പാസാക്കിയത്.
കൈകള്‍ ഉയര്‍ത്തിയാണ് എല്ലാവരും പ്രമേയത്തെ പിന്തുണച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനെയും എഐസിസി അംഗങ്ങളെയും നിയോഗിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിന് വിട്ടുവെന്ന് ഖചാരിയ അറിയിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ പാർട്ടി സംസ്ഥാന ഇൻചാർജ് അജയ് മാക്കൻ, സംഘടന തെരഞ്ഞെടുപ്പ് ഓഫിസർ രാജേന്ദ്ര കുംപാവത്, സംസ്ഥാന പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതസ്ര, എന്നിവരും സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി അംഗങ്ങളും പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സെപ്‌റ്റംബർ 24 മുതൽ സെപ്‌റ്റംബർ 30 വരെ സമർപ്പിക്കാം. ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 17ന് നടത്തുമെന്ന് പാർട്ടി അറിയിച്ചു. 2017ൽ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ നിര്‍ദേശിച്ചപ്പോഴും സമാനമായ പ്രമേയം സംസ്ഥാന ഘടകങ്ങളും പാസാക്കിയിരുന്നു. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്.