ന്യൂഡല്‍ഹി : രാജസ്ഥാന്‍ കോണ്‍ഗ്രസ് പരസ്യമായ കലാപ പ്രഖ്യാപനങ്ങളിലേക്കും ഭരണ പ്രതിസന്ധിയിലേക്കും നീങ്ങുന്ന സാഹചര്യത്തില്‍ ഇനി എല്ലാ കണ്ണുകളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിലേക്ക്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള സാധ്യത മങ്ങുകയും മറ്റ് പേരുകള്‍ ഉയര്‍ന്നുവരികയും ചെയ്‌തിരിക്കുകയാണ്. പാർട്ടി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, അജയ് മാക്കൻ എന്നിവരോട് സോണിയ ഗാന്ധി ഇന്നലെ (26.09.2022) രേഖാമൂലം റിപ്പോർട്ട് തേടിയിരുന്നു.
എന്നാല്‍ കോൺഗ്രസ് നിയമസഭാകക്ഷി യോഗം (സിഎൽപി) നടക്കാത്തതിനെ തുടർന്ന് ഖാർഗെയും മാക്കനും ഇന്നലെ തന്നെ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. അതേസമയം സിഎൽപി യോഗത്തിനായി ജയ്‌പൂരിലേക്ക് തിരിച്ച സംഘം, ഗെലോട്ട് വിശ്വസ്‌തര്‍ നടത്തിയ സമാന്തര മീറ്റിംഗിനെ "അച്ചടക്കമില്ലായ്മ" എന്നാണ് പാര്‍ട്ടി അധ്യക്ഷയ്ക്ക് മുന്നില്‍വച്ച റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല മന്ത്രി ശാന്തി ധരിവാളും രാജസ്ഥാൻ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയും ഉൾപ്പടെയുള്ളവർക്കെതിരെ അച്ചടക്ക നടപടിക്കും ശുപാർശ ചെയ്യുമെന്നാണ് വിവരം.
എന്നാല്‍ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് ഇപ്പോഴും മത്സരിക്കുമോ അതോ നിലവിലെ നേതൃത്വം പിന്തുണയ്ക്കുന്ന മറ്റൊരു സ്ഥാനാര്‍ഥി വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗെലോട്ടിനെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്താൽ അദ്ദേഹത്തിന്‍റെ ക്യാമ്പില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വത്തിന്മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ വിശ്വസ്‌തര്‍ ഞായറാഴ്ച (25.09.2022) നിയമസഭ സ്പീക്കർ സി പി ജോഷിക്ക് രാജിക്കത്ത് നൽകിയിരുന്നു. 2020ൽ ഗെലോട്ടിനെതിരെ കലാപം നയിച്ച സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിച്ചേക്കാം എന്നതിനെതിരെയാണ് ഇവർ രംഗത്തെത്തിയത്.
Also Read:'ഗാന്ധി' ഇല്ലാത്ത തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ് ; ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
മാത്രമല്ല ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഗൂഢാലോചനയിൽ രാജസ്ഥാന്‍റെ എഐസിസി ചുമതലയുള്ള അജയ് മാക്കന് പങ്കുണ്ടെന്നും ഗെലോട്ടിന്റെ വിശ്വസ്‌തനായ ധരിവാൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. രാജസ്ഥാന്‍ രാഷ്‌ട്രീയം കലുഷിതമായെന്നുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ധിക്കുമ്പോഴും അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും അവരുടെ വസതികളില്‍ തന്നെ സമയം ചെലവഴിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റും വിശ്വസ്‌തരും പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനിന്നു.
ഗെലോട്ടാവട്ടെ നവരാത്രി പൂജയുടെ തിരക്കിലുമായിരുന്നു. തന്‍റെ വിശ്വസ്‌തര്‍ താന്‍ പറയുന്നത് ചെവിക്കൊള്ളാതെയാണ് സമാന്തര മീറ്റിങ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയതെന്നാണ് ഗെലോട്ട്, നിരീക്ഷകരോട് പറഞ്ഞതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഇന്നലെ (26.09.2022) സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് കമൽനാഥ് താന്‍ സ്ഥാനാർഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.