ജയ്‌പൂര്‍ (രാജസ്ഥാന്‍):നിയമസഭയില്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വായിച്ച് അബദ്ധം പിണഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റവതരണത്തിനിടയിലാണ് 2022ലെ ബജറ്റിലെ ഭാഗങ്ങള്‍ അശോക് ഗെലോട്ട് വായിച്ചത്. അബദ്ധം പിണഞ്ഞതിനെ തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ രൂക്ഷമായി ഗെലോട്ടിനെ വിമര്‍ശിക്കുകയും ബിജെപി അംഗങ്ങളുടെ ബഹളം കാരണം നിയമസഭ അരമണിക്കൂര്‍ പിരിയേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്‌തു.
സഭ വീണ്ടും സമ്മേളിച്ച ശേഷം സംഭവത്തില്‍ ഗെലോട്ട് മാപ്പ് ചോദിക്കുകയും മനുഷ്യ സഹജമായ തെറ്റാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിന്‍റെ ഒരു പേജ് അബദ്ധത്തില്‍ ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗ കോപ്പിയോടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ട് പോയതാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് മാത്രമല്ല ബജറ്റ് അവതരണത്തില്‍ തെറ്റുകള്‍ സംഭവിച്ചത് എന്ന വാദവും അശോക് ഗെലോട്ട് ഉയര്‍ത്തി. ബിജെപിയുടെ വസുന്ധര രാജ് സിന്ധ്യ മുഖ്യമന്ത്രിയായപ്പോള്‍ കണക്കുകള്‍ തെറ്റായി വായിച്ചിരുന്നു എന്നും അത് പിന്നീട് തിരുത്തുകയാണ് ചെയ്‌തത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗെലോട്ടിനെ രൂക്ഷമായ ഭാഷയില്‍ വസുന്ധര രാജ് സിന്ധ്യ വിമര്‍ശിച്ചു. ഗെലോട്ടിന്‍റെ ഭാഗത്ത് നിന്ന് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ഉണ്ടായിരിക്കുന്നത് എന്ന് വസുന്ധര രാജ് പറഞ്ഞു.
ബജറ്റ് ചോര്‍ന്നെന്ന് ബിജെപി: ബജറ്റ് സാങ്കേതികമായി ചോര്‍ന്നു എന്ന വാദം ബിജെപി ഉയര്‍ത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബജറ്റ് കോപ്പി എടുക്കാന്‍ പോയെന്നും ചട്ടങ്ങള്‍ അനുസരിച്ച് ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിയാണ് ബജറ്റ് കോപ്പി എടുക്കേണ്ടത് എന്നും ബിജെപി വാദിച്ചു. എന്നാല്‍ ട്വിറ്ററില്‍ ഇതിനെതിരെ ഗെലോട്ട് രൂക്ഷമായി പ്രതികരിച്ചു.