കേരളം

kerala

ETV Bharat / bharat

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സമവായക്കൈകോര്‍ക്കല്‍ ; ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഗെലോട്ടിനെയും പൈലറ്റിനെയും അണിനിരത്തി ധാരണ

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതിനായി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ധാരണയിലെത്തിയത്

Rahul Gandi  Mallikarjun Kharge  അശോക് ഗെലോട്  സച്ചിൻ പൈലറ്റ്  Rajasthan Congress  രാജസ്ഥാൻ കോൺഗ്രസ്  രാജസ്ഥാൻ കോൺഗ്രസിലെ ചേരിപ്പോര്  രാഹുൽ ഗാന്ധി  മല്ലികാർജുൻ ഖാർഗെ  കെസി വേണുഗോപാൽ
കൈക്കോർക്കാനൊരുങ്ങി ഗെലോട്ടും പൈലറ്റും

By

Published : May 30, 2023, 8:17 AM IST

ന്യൂഡൽഹി :ഭിന്നത രൂക്ഷമായിരുന്ന രാജസ്ഥാൻ കോൺഗ്രസില്‍ വെടിനിര്‍ത്തല്‍. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ധാരണയിലെത്തി. ചേരിപ്പോര് പരിഹരിക്കാൻ ഇരുവരെയും ഇരുത്തി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് സമയവായമായത്. എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാജസ്ഥാനിൽ നിന്നുള്ള നേതാവ് ജിതേന്ദ്ര സിങ്ങും യോഗത്തിൽ പങ്കെടുത്തു.

ഗെലോട്ടും പൈലറ്റും ഒറ്റക്കെട്ടായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ സമ്മതിച്ചിട്ടുണ്ടെന്ന് ചർച്ചയ്‌ക്ക് ശേഷം കെസി വേണുഗോപാൽ അറിയിച്ചു. ആദ്യം ഗെലോട്ടുമായാണ് ചർച്ച നടന്നത്. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി ഇവർക്കൊപ്പം ചേരുകയും മൂന്ന് പേരും ചേർന്ന് അരമണിക്കൂറിലധികം സമയം ചർച്ച നടത്തുകയും ചെയ്‌തു. അതിനുശേഷം രാജസ്ഥാൻ കോൺഗ്രസ് പാർട്ടിയുടെ ചുമതലയുള്ള സുഖ്‌ജീന്ദർ രൺധാവയെ ഫോണിൽ ബന്ധപ്പെട്ടും ആശയവിനിമയം നടത്തി. സച്ചിന്‍ പൈലറ്റുമായി തനിച്ചും പിന്നീട് ഗെലോട്ടുമായി ചേര്‍ന്നുമാണ് നേതാക്കളുടെ സമവായ ചര്‍ച്ച പുരോഗമിച്ചത്.

നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്‌ച്ച നടത്തുന്നത്. മുൻ ബിജെപി സർക്കാരിന്‍റെ ഭരണകാലത്ത് നടന്ന അഴിമതിയില്‍ ഗെലോട്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്നും ആരോപിച്ച് സച്ചിൻ പൈലറ്റ് നിരന്തരം വിമർശനങ്ങൾ നടത്തിവരികയായിരുന്നു.

ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളുമായെല്ലാം ഖാർഗെയും രാഹുല്‍ ഗാന്ധിയും ചേർന്ന് ചർച്ചകൾ നടത്തി വരികയാണ്. ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ ഫലപ്രദമായി നേരിടുന്നതിനായി തന്ത്രങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്‌ചകൾ നടത്തുന്നത്.

കർണാടക ആവർത്തിക്കാൻ കോൺഗ്രസ് : രാജസ്ഥാൻ ഘടകത്തിലെ ആഭ്യന്തര സംഘർഷങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം. ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് അനുരഞ്ജനത്തിലെത്തിക്കുക എന്നതാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രധാന ലക്ഷ്യം. അതിനിടെ, ഇന്നലെ രാവിലെ മധ്യപ്രദേശിൽ നിന്നുള്ള ഉന്നത നേതാക്കളുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടി 150 സീറ്റുകൾ നേടുമെന്നായിരുന്നു യോഗശേഷം രാഹുൽ ഗാന്ധിയുടെ മറുപടി.

ALSO READ :കര്‍ണാടകയില്‍ പരിഹാരം കണ്ടാല്‍ അടുത്തത് രാജസ്ഥാന്‍; 'ഗെലോട്ട് - സച്ചിന്‍ തര്‍ക്കത്തില്‍ ഖാര്‍ഗെ ഇടപെടും'

പാർട്ടിയുടെ ഹൈക്കമാൻഡ് ശക്തമായി തുടരുകയാണെന്നും ഒരു നേതാവിനെയോ പ്രവർത്തകനെയോ തൃപ്‌തിപ്പെടുത്താൻ സ്ഥാനമാനങ്ങൾ വാഗ്‌ദാനം ചെയ്യില്ലെന്നും യോഗത്തിന് മുമ്പ് ഗെലോട്ട് പറഞ്ഞിരുന്നു. ഈ മാസാവസാനത്തിനകം തന്‍റെ മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന പൈലറ്റിന്‍റെ അന്ത്യശാസനത്തിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്‌ച. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് പൈലറ്റിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

'നേതാക്കളെ പ്രീതിപ്പെടുത്തുന്ന ആചാരങ്ങൾ കോൺഗ്രസിലില്ല' : നേതാക്കളെ പ്രീതിപ്പെടുത്താനായി സ്ഥാനങ്ങൾ വാഗ്‌ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് രൂക്ഷമായാണ് ഗെലോട്ട് മറുപടി നൽകിയത്. അത്തരം ആചാരങ്ങൾ നടപ്പിലാക്കുന്ന പാരമ്പര്യം കോൺഗ്രസില്‍ ഇല്ലെന്ന് വ്യക്തമാക്കിയ ഗെലോട്ട്, പൈലറ്റിനെ ഉൾക്കൊള്ളാൻ സൂത്രവാക്യം രൂപപ്പെടുത്തിയെന്ന റിപ്പോർട്ട് തള്ളുകയും ചെയ്‌തു. അത്തരത്തിലുള്ള കാര്യങ്ങൾ മാധ്യമങ്ങൾ കെട്ടിച്ചമച്ചതോ ചില വ്യക്‌തിസൃഷ്‌ടികളായ കഥകളോ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് പാർട്ടിക്കും ഹൈക്കമാൻഡിനും ശക്തമായ അടിത്തറയുണ്ടെന്നും ഏതെങ്കിലും നേതാവിനോ പ്രവർത്തകനോ അത്തരത്തിൽ സ്ഥാനങ്ങൾ ആവശ്യപ്പെടാനുള്ള ധൈര്യമില്ലെന്നും ഗെലോട്ട് തറപ്പിച്ചുപറഞ്ഞു.

2018-ൽ രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചതുമുതൽ ഗെലോട്ടും പൈലറ്റും തമ്മിലുള്ള അധികാര തർക്കം നിലനിൽക്കുന്നുണ്ട്. 2020ൽ, സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ ഗെലോട്ട് സർക്കാരിനെതിരെ വിമത പ്രവർത്തനം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. തൽഫലമായി അദ്ദേഹത്തെ സംസ്ഥാന ഘടകത്തിന്‍റെ പ്രസിഡന്‍റ്, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ മാസം പാർട്ടിയുടെ മുന്നറിയിപ്പുകൾ ലംഘിച്ചുകൊണ്ട് അശോക് ഗെലോട്ടിനെ ലക്ഷ്യമിട്ട് സച്ചിന്‍ പൈലറ്റ് ഒരു ദിവസത്തെ ഉപവാസം സംഘടിപ്പിക്കുകയും രാജസ്ഥാനില്‍ ജന്‍ സംഘര്‍ഷ് യാത്ര നടത്തുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details