ന്യൂഡൽഹി : രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച കാര്യത്തിൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുതിർന്ന എഐസിസി ഭാരവാഹി അറിയിച്ചു. അശോക് ഗെലോട്ടിന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലവിൽ സുരക്ഷിതമാണെന്നും എന്നാൽ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷം എന്തും സംഭവിക്കാമെന്നും പേരുവെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ അദ്ദേഹം പ്രതികരിച്ചു. ഗെലോട്ടിന്‍റെ മുഖ്യ എതിരാളിയായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗെലോട്ട്-പൈലറ്റ് വിഭാഗീയതയും രാഷ്‌ട്രീയ പ്രതിസന്ധിയും : ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കാനായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ ശ്രമം. 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാര തുടർച്ചയ്ക്ക് നേതൃമാറ്റം ആവശ്യമാണെന്ന കണക്കുകൂട്ടലിലായിരുന്നു ഹൈക്കമാൻഡ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ ഗെലോട്ട്-പൈലറ്റ് വിഭാഗീയത തലപൊക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഗെലോട്ടിനെ മാറ്റി പൈലറ്റിനെ നിയമിക്കാനുള്ള കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തെ ഗെലോട്ട് പക്ഷത്തെ 90ലധികം എംഎൽഎമാർ എതിർത്തു. ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ രാജിവയ്ക്കാൻ തയാറായത് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതോടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിത്വം ഗെലോട്ടിന് നഷ്‌ടമാകുന്നത്.
ഗെലോട്ടിന്‍റെ തലയ്ക്ക് മുകളിലെ ഡെമോക്ലസിന്‍റെ വാൾ : നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഗെലോട്ടിനാണെങ്കിലും അത് ഡെമോക്ലസിന്‍റെ വാളുപോലെ അദ്ദേഹത്തിന്‍റെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുകയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിനിടയ്ക്ക് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ഹൈക്കമാൻഡ് തത്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിലവിലെ രാജസ്ഥാനിലെ സ്ഥിതിയിൽ മാറ്റങ്ങൾ ഒന്നും വരുത്താതിരിക്കുന്നതാണ് തത്കാലം നല്ലതെന്ന് പേര് വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ ഒരു സിഡബ്ല്യുസി അംഗം പറഞ്ഞു.