ജയ്‌പൂര്‍:രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ജയ്‌പൂരിലെ രാംനിവാസ് ബാഗിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായി ദിയ കുമാരി, പ്രേംചന്ദ് ബൈരവ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ കമലരാജ് മിശ്രയാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
രാജസ്ഥാന്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭജന്‍ ലാല്‍ ശര്‍മ തന്‍റെ 56-ാം പിറന്നാള്‍ ദിനത്തിലാണ് സംസ്ഥന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഭരത്പൂരില്‍ നിന്നുള്ള ഭജന്‍ ലാല്‍ ശര്‍മ ജയ്‌പൂരിലെ സംഗനേർ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിലെ പുഷ്പേന്ദ്ര ഭരദ്വാജിനെ 48,000ത്തിലധികം വോട്ടുകളുടെ ഭൂരിപകക്ഷത്തിലായിരുന്നു ഭജന്‍ ലാല്‍ ശര്‍മ പരാജയപ്പെടുത്തിയത്.
ആര്‍എസ്എസിലും എബിവിപിയിലും സജീവ പ്രവര്‍ത്തകനായിരുന്ന ഭജന്‍ ലാല്‍ ശര്‍മ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ധയുടെയും അടുത്ത അനുയായി കൂടിയാണ്. സർപഞ്ച് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ 2003ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നദ്ബായിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു.
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി ജയം നേടിയ ദിയാ കുമാരിയാണ് (Rajasthan Deputy CM Diya Kumari) സംസ്ഥാനത്തിന്‍റെ ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജയ്‌പൂരിലെ വിദ്യാനഗര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ ദിയാ കുമാരി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സീതാറാം അഗര്‍വാളിനെതിരെ 71,368 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. 2013ല്‍ ബിജെപിയില്‍ ചേര്‍ന്ന ദിയാ കുമാരി നേരത്തെ രണ്ട് പ്രാവശ്യം എംഎല്‍എ ആയും ഒരു പ്രാവശ്യം എംപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായ ഡോ.പ്രേംചന്ദ് ബൈരവ (Rajasthan Deputy CM Dr Premchand Bairwa) ഡുഡു മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് രാജസ്ഥാന്‍ നിയമസഭയിലേക്ക് എത്തുന്നത്.
അതേസമയം, രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിന്‍റെ സര്‍ക്കാരിനെ വീഴ്‌ത്തിയാണ് ബിജെപി ഇത്തവണ ഭരണം പിടിച്ചത്. 115 സീറ്റുകളാണ് ഇത്തവണ രാജസ്ഥാനില്‍ ബിജെപി നേടിയത്. ഭരണം നഷ്‌ടമായ കോണ്‍ഗ്രസിന് 69 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു (Rajasthan Assembly Election Results).
Also Read :മോഹന്‍ യാദവ് പണി തുടങ്ങി; ലൗഡ് സ്പീക്കറിന് നിരോധനം. തുറസ്സായ സ്ഥലങ്ങളില്‍ ഇറച്ചി വില്‍പ്പനയും നിരോധിച്ചു