ജയ്‌പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നതിനിടെ മന്ത്രിസഭ പുനസംഘടനയും വിപുലീകരണവും നീളുമെന്ന് സൂചന. ചികിത്സയില്‍ കഴിയുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കൂടിക്കാഴ്‌ചകള്‍ ഒഴിവാക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. ഗെലോട്ടിന്‍റെ രോഗാവസ്ഥ കണക്കിലെടുത്ത് മന്ത്രിസഭ പുനസംഘടന നീട്ടാനാണ് സാധ്യത.
കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗെലോട്ടിനോട് ആളുകളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത് ഒഴിവാക്കാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ലോകേഷ് ശർമ അറിയിച്ചു.
മുൻകരുതലെന്ന നിലയിൽ ഒന്നോ രണ്ടോ മാസത്തേക്ക് നേരിട്ടുള്ള കൂടിക്കാഴ്‌ചകള്‍ ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ യോഗങ്ങള്‍ ചേരാനാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. നിലവില്‍ വകുപ്പ് തല യോഗങ്ങളും അവലോകന യോഗങ്ങളുമെല്ലാം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നടക്കുന്നത്.