ജയ്‌പൂർ: 14,000 കോടി രൂപയുടെ കാർഷിക വായ്‌പകൾ എഴുതിത്തള്ളി രാജസ്ഥാൻ സർക്കാർ. വായ്‌പ എഴുതിത്തള്ളുമെന്ന ഉറപ്പ് രാജസ്ഥാൻ സർക്കാർ പാലിച്ചിട്ടില്ലെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് വായ്‌പ എഴുതി തള്ളിയതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. 2008ൽ യുപിഎ സർക്കാർ ചെയ്‌തതുപോലെ മോദി സർക്കാർ രാജ്യത്തൊട്ടാകെയുള്ള കർഷക വായ്‌പ എഴുതിത്തള്ളാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കാർഷിക വായ്‌പകൾ എഴുതിത്തള്ളി; ബിജെപിയുടെ ആരോപണത്തിന് മറുപടിയെന്ന് അശോക് ഗെലോട്ട് - കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി
14,000 കോടി രൂപയുടെ കാർഷിക വായ്‌പകൾ എഴുതിത്തള്ളി
2019ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ വോട്ടെടുപ്പ് വാഗ്‌ദാനം പാലിച്ചില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ ആരോപണം. ബിജെപി നേതാക്കൾ രാജസ്ഥാനിൽ വന്ന് നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. രാജസ്ഥാനെ അപേക്ഷിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും നികുതി കൂടുതലാണെന്നും ഇത് വെട്ടിക്കുറയ്ക്കണമെന്നും മോദി സർക്കരിനെ വിമർശിച്ച് അശോക് ഗെലോട്ട് പറഞ്ഞു. ഈസ്റ്റ് രാജസ്ഥാൻ കനാൽ പദ്ധതിക്ക് ദേശീയ പദവി നൽകാമെന്ന വാഗ്‌ദാനത്തെക്കുറിച്ച് സ്‌മൃതി ഇറാനി പ്രധാനമന്ത്രിയെ ഓർമിപ്പിക്കണം. ഇക്കാര്യത്തിൽ രാജസ്ഥാൻ മന്ത്രിസഭയുടെ നിർദേശം കേന്ദ്രത്തിന് അയച്ചെങ്കിലും മോദി സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.