ഛത്തീസ്‌ഗഡ് : രാഹുല്‍ ഗാന്ധിക്കെതിരായി വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്‌ജന്‍ ഒളിവിലെന്ന് റായ്‌പൂര്‍ പൊലീസ്. അവതാരകനോട് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്ന നോട്ടിസ് ഛത്തീസ്‌ഗഡ് പൊലീസ് ചാനല്‍ ഓഫിസിന് മുന്നില്‍ പതിപ്പിച്ചു. ജൂലൈ 12-ന്, റായ്‌പൂര്‍ സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷനില്‍ രോഹിത് രഞ്‌ജനോട് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ചാനലിന്‍റെ നിര്‍മാതാക്കള്‍ക്കോ, അധികൃതര്‍ക്കോ നോട്ടിസ് കൈമാറാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നോട്ടിസ് ചാനലിന്‍റെ പുറത്ത് പതിപ്പിച്ചതെന്ന് റായ്‌പൂര്‍ സിഎസ്‌പി ഉദയൻ ബെഹാർ പറഞ്ഞു.
വിവാദമായ പരിപാടിയിലുപയോഗിച്ച വീഡിയോ ക്ലിപ്പ് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിച്ചിരുന്നെങ്കിലും ഛത്തീസ്‌ഗഡ് പൊലീസിന് ഇതേക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. രോഹിത് രഞ്‌ജനെ കസ്‌റ്റഡിയിലെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇന്ദിരാപുരം പൊലീസിനെതിരെ റായ്‌പൂരില്‍ നിന്നുള്ള അന്വേഷണ സംഘം ഗാസിയാബാദ് എസ്.പിയ്‌ക്ക് പരാതി നല്‍കി. ഇന്ദിരാപുരം പൊലീസ് രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുത്ത് രക്ഷപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റായ്‌പൂര്‍ അന്വേഷണ സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.