റായ്‌പൂർ: കൊവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുക്കിയ നാള്‍ മുതൽ നിസ്വാർഥ സേവനം തുടരുന്നവരാണ് പൊലീസുകാര്‍. തെരുവുകളിലും ഇടറോഡുകളിലും ഉൾപ്പെടെ പരിശോധന നടത്തി അവര്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നു. അതിനൊപ്പം ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന നിർബന്ധവും ഇവര്‍ക്കുണ്ട്. അത്തരത്തില്‍ ചിന്തിക്കുന്ന, ചത്തീസ്ഖഡ് റായ്‌പൂരിലെ ഒരു സംഘം പൊലീസുകാര്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഗോകുല്‍ നഗറിലെ പ്രയാസ് സ്‌കൂളില്‍ പൊലീസുകാർ സമൂഹ അടുക്കള തുടങ്ങിയിരിക്കുകയാണ്. ഖാനാ ചൗകി എന്നാണ് പേര്. രാവിലെയും വൈകിട്ടും ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമായി ഈ സ്കൂളിലെ ചില വിദ്യാർഥികളും പൊലീസുകാർക്ക് കൂട്ടായുണ്ട്. ആവശ്യക്കാര്‍ക്കും പട്ടിണി കിടക്കുന്നവര്‍ക്കും ആവശ്യമായ ഭക്ഷണം ഇവിടെ തന്നെ തയ്യാറാക്കും.
'സ്നേഹപ്പൊതികള്‍' ; കൊവിഡില്‍ പട്ടിണിയാകാതിരിക്കാന്‍ പൊലീസിന്‍റെ കൈത്താങ്ങ് ഏകദേശം 10 പൊലീസുകാരാണ് ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഇവിടെയുള്ളത്. മഹേഷ് നേതവും തിക്രപ്പാറ പൊലീസ് സ്‌റ്റേഷനിലെ മറ്റു ചില പൊലീസുകാരും ചേര്‍ന്നാണ് മെയ് ആദ്യവാരത്തില്‍ നഗരത്തിലെ ആദ്യ ഖാനാ ചൗകി ആരംഭിക്കുന്നത്. കോൺസ്‌റ്റബിളായ മഹേഷ് നേതം കയ്യില്‍ നിന്ന് പണമെടുത്താണ് തുടക്കത്തില്‍ ഭക്ഷണ പൊതികള്‍ തയ്യാറാക്കി വിതരണം ചെയ്‌തിരുന്നത്. എന്നാല്‍ ക്രമേണ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും സഹായിക്കാന്‍ എത്തി. പിന്നീട് ഈ വിവരം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞതോടെ അവരും പിന്തുണ നല്‍കി.
സാമൂഹിക അകലം പാലിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ഭക്ഷണ വിതരണം. ഗ്ലൗസ് ധരിച്ചാണ് പാചകവും വിതരണവും. രാവിലെ എട്ട് മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴുമണി വരെയുമാണ് ഭക്ഷണം ലഭിക്കുക. പാചകം ചെയ്‌ത് പൊതികളിലാക്കുന്ന ഭക്ഷണം നഗരത്തില്‍ എല്ലായിടത്തും വിതരണം ചെയ്യാറുണ്ട്. കൊവിഡ് വ്യാപനം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് ഏറെ സഹായമായിരിക്കുകയാണ് പൊലീസുകാരുടെ ഈ സേവനം.