ന്യൂഡല്‍ഹി : തിങ്കളാഴ്‌ചയുണ്ടായ കനത്ത മഴ ഡല്‍ഹിയ്ക്ക് കനത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കിയതിനൊപ്പം വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. നഗരത്തിലെ ജവൽപുരി, ഗോകൽപുരി, ശങ്കർറോഡ്, മോത്തി നഗർ എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്ന് എട്ട് പേര്‍ക്ക് പരിക്കേറ്റതായി അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണതോടെ റോഡരികില്‍ നിര്‍ത്തിയിട്ട എട്ട് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
തെക്കൻ ഡൽഹിയിലെ ന്യൂ മോട്ടി ബാഗിൽ കാറിന് മുകളില്‍ മരം വീണെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണതോടെ വിവിധയിടങ്ങളിലെ വൈദ്യുതി നിലച്ചു. ഐടിഒ, ഡിഎൻഡി, നർസിങ്പൂർ-ജയ്പൂർ റോഡ്, എയിംസ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.