സോളൻ : ഹിമാചൽ പ്രദേശിൽ മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി വില ഇനിയും ഉയരാൻ സാധ്യത. നിലവിൽ തക്കാളിക്ക് വിപണിയിൽ വില കുതിച്ച് നിൽക്കെ രാജ്യത്തുടനീളമുള്ള തക്കാളി വിതരണത്തിന്‍റെ ഭൂരിഭാഗവും ഉത്‌പാദിപ്പിക്കുന്ന ഹിമാചലിൽ മഴ കനക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും. തക്കാളിക്ക് വില ഉയർന്നത് കർഷകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഗുണം ചെയ്‌തെങ്കിലും മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വിള നശിക്കുന്നത് അവരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്.
മഴയ്‌ക്ക് പുറമെ കൽക്ക ഷിംല എൻഎച്ച് 5 ൽ ഗതാഗതം നിലച്ചത് കാരണം പഞ്ചാബ്, രാജസ്ഥാൻ, ബെംഗളൂരു, ഹരിയാന എന്നിവിടങ്ങളിലെ പച്ചക്കറി മാർക്കറ്റിൽ നിന്നും വ്യാപാരികൾക്ക് സോളനിൽ എത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഹിമാചലിൽ പോലും നിലവിൽ നല്ല വില ലഭിക്കുന്ന തക്കാളി മൊത്തക്കച്ചവട വിപണികളിലെത്തിക്കാൻ കർഷകർക്ക് കഴിയാത്തതാണ് ഏറെ പ്രയാസത്തിലാക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവ് ലഭിച്ചതായി ഹിമാചലിലെ കർഷകർ അവകാശപ്പെടുന്നുണ്ടെങ്കിലും നിർത്താതെ തുടരുന്ന മഴയിൽ വിള നശിക്കുന്നതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വരവ് കുറവായതിനാലും ആവശ്യക്കാർ കൂടുതലായതിനാലും ഒരു പെട്ടി തക്കാളിക്ക് 4000 രൂപ വരെ കർഷകർക്ക് ലഭിക്കുമെന്നും വ്യാപാരികൾ പറയുന്നു. ചെന്നൈയിൽ നിലവിൽ ഒരു കിലോ തക്കാളിയ്‌ക്ക് 100 മുതൽ 130 രൂപ വരെയാണ് വില. എന്നാൽ സാധാരണക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലെ റേഷൻ കടകളിൽ ഉപഭോക്താക്കൾക്ക് കിലോയ്‌ക്ക് 60 രൂപ സബ്‌സിഡി നിരക്കിൽ തക്കാളി വിതരണം ചെയ്യുന്നുണ്ട്.