ശ്രീനഗർ: കശ്‌മീർ താഴ്‌വരയിൽ ഞായറാഴ്‌ച രാവിലെ മുതൽ മഴയും മഞ്ഞുവീഴ്‌ചയും. പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയാണ് നിലവിൽ മലയോരപ്രദേശങ്ങളിലെ താപനില. ശ്രീനഗർ- ലേ, ഗുരേസ്- ബന്ദിപോറ, ഷോപ്പിയാനിലെ മുഗൾ റോഡ് എന്നിവയുൾപ്പെടെ നിരവധി ഹൈവേകളിൽ മഞ്ഞ് അടിഞ്ഞ് ഗതാഗത തടസം നേരിടുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
പ്രദേശത്ത് മഴയും മഞ്ഞുവീഴ്‌ചയും ഡിസംബർ 6 ഉച്ചവരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗുൽമാർഗ്, പഹൽഗാം, കുപ്‌വാര, സോൻമാർഗ്, ഷോപിയാൻ തുടങ്ങിയ മലയോര മേഖലകളിലാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ശ്രീനഗർ, അനന്ത്നാഗ്, പുൽവാമ എന്നീ സമതല പ്രദേശങ്ങളിൽ മിതമായ മഴ ലഭിച്ചു.