ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഓക്‌സിജൻ സിലിണ്ടറുകൾ രാജ്യത്തുടനീളം എത്തിക്കുന്നതിനായി 'ഓക്‌സിജൻ എക്സ്‌പ്രസ്' ട്രെയിൻ അടുത്ത ദിവസങ്ങളിൽ സര്‍വീസ് ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ.
വിശാഖ്, ജംഷഡ്പൂർ, റൂർക്കേല, ബൊക്കാരോ എന്നിവിടങ്ങളിൽ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ എത്തിക്കുന്നതിനായി കാലമ്പോളി, ബോയിസർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് റെയിൽവേയുടെ ഒഴിഞ്ഞ ടാങ്കറുകൾ തിങ്കളാഴ്ച യാത്ര തിരിക്കും. അടുത്ത ദിവസങ്ങളിൽ തന്നെ ഓക്‌സിജൻ എക്സ്പ്രസിന്‍റെ പ്രവർത്തനം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ:മഹാരാഷ്‌ട്രയിലേയ്ക്ക് ഓക്‌സിജൻ എത്തിക്കാമെന്ന് റെയിൽവെ
നേരത്തെ മധ്യപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകൾ ലിക്വിഡ് ഓക്‌സിജൻ റെയിൽ ശൃംഖലയിലൂടെ എത്തിക്കാൻ കഴിയുമോയെന്ന് റെയില്‍വേയുടെ സഹായം തേടിയിരുന്നു. ഇതേ തുടർന്ന് റെയിൽവേ അതിന്‍റെ സാധ്യത പരിശോധിക്കുകയും ഓക്‌സിജൻ എത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ടാങ്കറുകൾ സ്വീകരിക്കുന്നതിനും അവ തിരികെ കയറ്റുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്താൻ സോണൽ റെയിൽവേയ്ക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിശാഖ്, അങ്കുൾ, ഭിലായ് എന്നിവിടങ്ങളിൽ ടാങ്കറുകൾ എത്തിക്കാൻ പുതിയ റാമ്പുകൾ നിർമ്മിക്കേണ്ടതുണ്ട്. കലാംബോളിയിൽ നിലവിലുള്ള റാമ്പ് ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഏപ്രിൽ 19നകം കലാംബോളി റാംപ് തയ്യാറാകുമെന്നും ടാങ്കറുകൾ അവിടെ എത്തുമ്പോഴേക്കും മറ്റ് സ്ഥലങ്ങളിലെ റാമ്പുകളും സജ്ജമാകുമെന്നും റെയിൽവേ അറിയിച്ചു.