ന്യൂഡൽഹി: കൊവിഡിന്‍റെ രണ്ടാം തരംഗവും ഓക്സിജൻ ക്ഷാമവും രാജ്യം അഭിമുഖീകരിക്കുന്നതിനിടെ 15 സംസ്ഥാനങ്ങളിലേക്ക് 1274ൽ പരം ടാങ്കറുകളിലായി 21392 ടൺ ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഇതുവരെ 313 ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓക്സിജൻ വിതരണം പൂർത്തിയാക്കിയെന്നും 23 ടാങ്കറുകളിലായി 406 ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജനുമായി അഞ്ച് ട്രെയിനുകൾ കൂടി വിതരണത്തിന് തയാറായി നിൽക്കുന്നുവെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഹരിയാനയിലേക്കും കർണാടകയിലേക്കും 2000 ടൺ വീതവും തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലേക്ക് 1800 ടൺ വീതവും മെഡിക്കൽ ഓക്സിജൻ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
ഏപ്രിൽ 24നാണ് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ വഴി മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ഉത്തരാഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന, തെലങ്കാന, പഞ്ചാബ്, കേരളം, ഡൽഹി, ഉത്തർപ്രദേശ്, ജാർഖണ്ഡ്, അസം എന്നീ 15 സംസ്ഥാനങ്ങളിലേക്ക് റെയിൽവേ ഇതുവരെ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്.