ന്യൂഡല്‍ഹി: കോഴിക്കോട് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയെ പിടികൂടിയ മഹാരാഷ്‌ട്ര പൊലീസിനും ആര്‍പിഎഫിനും എന്‍ഐഎയ്‌ക്കും അഭിനന്ദനം അറിയിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വേഗത്തില്‍ പിടികൂടിയ സംഘത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്നലെ രാത്രിയാണ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്‌ഫിയെ കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ സംയുക്തമായ നീക്കത്തിലൂടെ മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ നിന്നും പിടികൂടിയത്.
മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സും ചേര്‍ന്നാണ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നിലയിലാണ് ഷഹറൂഖ് സെയ്‌ഫിയെ കണ്ടെത്തിയത്. രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്താണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
അന്വേഷണം ഉത്തരേന്ത്യയിലും: ഇന്‍റലിജന്‍സ് വിഭാഗം ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. ട്രെയിനിന് തീവച്ചതിന് ശേഷം കണ്ടെത്തിയ ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളും രേഖാചിത്രവും ഉപയോഗിച്ചായിരുന്നു അന്വേഷണം. കേരള പൊലീസും കേന്ദ്ര ഇന്‍റലിജന്‍സും രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ട്രെയിനിലെ സംഭവത്തില്‍ ഇയാളുടെ മുഖത്തും ശരീരത്തിലും പൊള്ളല്‍ ഏറ്റിട്ടുണ്ട് എന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊള്ളലിന് ചികിത്സ തേടിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് സമാന ലക്ഷണങ്ങളോടെ രത്‌നഗിരിയിലെ ആശുപത്രിയില്‍ ഒരാള്‍ ചികിത്സ തേടിയതായി വിവരം ലഭിച്ചത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സ് സംഘവും രത്‌നഗിരിയിലെ ആശുപത്രിയിലെത്തി പരിശോധിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.