ന്യൂഡല്‍ഹി: ട്രെയിനുകളുടെ സ്‌പെഷ്യല്‍ ടാഗ് ഒഴിവാക്കി കൊവിഡിന് മുന്‍പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയില്‍വേ. യാത്രക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ സ്‌പെഷ്യല്‍ ടാഗാണ് ഒഴിവാക്കുക.
ലോക്ക്‌ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റെയില്‍വേ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് നടത്തുന്നത്. തുടക്കത്തില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കാണ് സ്‌പെഷ്യല്‍ എന്ന് പേരിട്ടതെങ്കിലും ഇപ്പോള്‍ ഹ്രസ്വദൂര പാസഞ്ചര്‍ സര്‍വീസുകളും സ്‌പെഷ്യലായാണ് നടത്തുന്നത്.
കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക്
സ്പെഷ്യല്‍ ട്രെയിനുകളുടേയും ഹോളിഡേ സ്‌പെഷ്യല്‍ ട്രെയിനുകളുടേയും ടിക്കറ്റ് നിരക്ക് സാധാരണയില്‍ നിന്ന് കൂടുതലാണ്. കൊവിഡിന് മുന്‍പത്തെ നിരക്കിലേക്ക് മടങ്ങാനും സാധാരണ നമ്പറുകളില്‍ സര്‍വീസ് നടത്താനും വെള്ളിയാഴ്‌ച ഇറക്കിയ ഉത്തരവില്‍ പറയുന്നു. സ്പെഷ്യല്‍ ട്രെയിനുകളുടെ നമ്പറുകള്‍ പൂജ്യത്തിലാണ് തുടങ്ങുന്നത്.
സെക്കന്‍ഡ് ക്ലാസ് റിസര്‍വേഷനില്‍ തന്നെ തുടരുമെന്ന് മറ്റൊരു ഉത്തരവില്‍ റെയില്‍വേ വ്യക്തമാക്കി. എന്നാല്‍ സോണല്‍ റെയില്‍വേ എന്ന് മുതലാണ് കൊവിഡിന് മുന്‍പുള്ള സാധാരണ സര്‍വീസിലേക്ക് മടങ്ങേണ്ടതെന്ന കാര്യം ഉത്തരവുകളില്‍ വ്യക്തമല്ല. അടിയന്തര പ്രാബല്യത്തോടെ ഉത്തരവ് നടപ്പിലാക്കാനാണ് നിര്‍ദേശമെങ്കിലും ഇതിന് ഒന്നോ രണ്ടോ ദിവസമെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, കൊവിഡിനെ തുടര്‍ന്ന് നിരക്കില്‍ ഇളവുകളില്ലാത്തതും ഭക്ഷണം, ബെഡ് റോളുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കിയതും തുടരും. സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതും ഇളവുകളില്ലാത്തതും മൂലം റെയില്‍വേയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2021-2022 വര്‍ഷത്തെ രണ്ടാമത്തെ ക്വാര്‍ട്ടറില്‍ ആദ്യത്തേതിനേക്കാള്‍ വരുമാനത്തില്‍ 113 ശതമാനം വര്‍ധനവാണ് റെയില്‍വേക്കുണ്ടായത്.
Also read: കാസര്‍കോടേക്ക് മതിയായ ട്രെയിന്‍ സര്‍വീസുകളില്ല ; സ്ഥിരം യാത്രക്കാർ പ്രതിസന്ധിയിൽ