ന്യൂഡൽഹി:മഹാരാഷ്‌ട്രയിലെ റായ്‌ഗഡിൽ മണ്ണിടിച്ചലിൽപെട്ട് 36 പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതം ധനസഹായം നൽകുമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അറിയിച്ച മോദി സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായും ദുരിതബാധിതർക്ക് വേണ്ട സഹായം എത്തിക്കുമെന്നും ട്വിറ്ററിൽ കുറിച്ചു.
കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരിക്കേറ്റവർക്ക് 50,000 രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി ഓഫിസ് വ്യക്തമാക്കി.
ALSO READ:റെക്കോഡ് ഭേദിച്ച് മഴ; മഹാരാഷ്ട്രയില്‍ വ്യാപക മണ്ണിടിച്ചില്‍, മരണം 36
വെള്ളിയാഴ്ചയാണ് കനത്ത മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിൽ വ്യാപകമായ അപകടങ്ങൾ ഉണ്ടായത്. ഇതേ തുടർന്ന് റായ്‌ഗഡ് ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 36 പേർ മരണപ്പെട്ടു. കൂടാതെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായും കെട്ടിടങ്ങൾക്കും റോഡുകൾക്കും പാലങ്ങൾക്കും നാശനഷ്‌ടം ഉണ്ടായതായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.