ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്നണിക്കകത്തെ പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധി നീക്കം തുടങ്ങി. ഡല്‍ഹിയില്‍ നടന്ന നേതൃയോഗത്തിനിടെ ഖര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പിണങ്ങി നില്‍ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നേതൃയോഗത്തിലെ സംഭവവികാസങ്ങളുടെ വിശദീകരണവുമായി രാഹുല്‍ ഗാന്ധി നിതീഷിനെ വിളിച്ചത് (Rahul to pacify Nitish Kumar try to reach out).
വ്യാഴാഴ്‌ച രാത്രിയാണ് രാഹുല്‍ നിതീഷിനെ വിളിച്ചത്. പക്ഷേ ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ഇരുവരും തമ്മില്‍ നേരിട്ട് ഫോണ്‍ സംഭാഷണം നടന്നില്ലെന്നാണ് സൂചന. വെള്ളിയാഴ്‌ച ഇരുവരും വീണ്ടും സംസാരിക്കുമെന്നാണ് സൂചന. ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്കും മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായും പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്ന നിതീഷ് ബുധനാഴ്‌ചത്തെ യോഗത്തിലുണ്ടായ സംഭവവികാസങ്ങളില്‍ അസ്വസ്ഥനായിരുന്നു.
മുന്നണിയുടെ പേര് ഭാരത് എന്നാക്കണമെന്ന അഭിപ്രായം നിതീഷിനുണ്ടായിരുന്നെങ്കിലും സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. ഇന്ത്യ മുന്നണിയുടെ ഡല്‍ഹിയില്‍ നടന്ന നാലാമത് യോഗത്തിലാണ് അപ്രതീക്ഷിതമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍ പിന്തുണക്കുകയും ചെയ്‌തു.