ന്യൂഡല്‍ഹി :ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയ രാഹുല്‍ ഗാന്ധി മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകം സന്ദര്‍ശിച്ച് ആദരം അര്‍പ്പിച്ചു. ആദ്യമായാണ് ഗാന്ധി കുടുംബാംഗം വാജ്‌പേയിയുടെ സ്‌മാരകം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാജ്‌പേയിയേയും വേര്‍തിരിച്ചുകണ്ടുള്ള രാഷ്‌ട്രീയ സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങള്‍ ഭാരതത്തെ യോജിപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നത് എന്നാണ് രാഹുലിന്‍റെ വാജ്‌പേയിയുടെ സ്‌മാരകത്തിലെ സന്ദര്‍ശനം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്. ഇരുവരും ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണെങ്കിലും നരേന്ദ്ര മോദിയെ തീവ്ര ഹിന്ദുത്വ നിലപാടുള്ള ആളായും വാജ്‌പേയിയെ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഉദാര മുഖവുമായാണ് പലരും വിലയിരുത്തുന്നത്. വാജ്‌പേയിയുടെ ശവകുടീരം രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് ജനങ്ങള്‍ക്ക് നല്ല രാഷ്‌ട്രീയ സന്ദേശമാണ് നല്‍കുക എന്ന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി വംശി ചന്ദ് റെഡ്ഡി പറഞ്ഞു.
'ഫോട്ടോ ഓപ്പ്' എന്ന് പരിഹസിച്ച് ബിജെപി: വാജ്‌പേയിക്ക് രാഹുല്‍ ഗാന്ധി ആദരം അര്‍പ്പിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും ബിജെപി വക്‌താവ് കെ കെ ശര്‍മ പറഞ്ഞു. വാജ്‌പേയി ജീവിതത്തില്‍ ഉടനീളം സ്വയംസേവക് ആയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി എല്ലായ്‌പ്പോഴും ആര്‍എസ്എസിനെ അധിക്ഷേപിക്കുന്ന വ്യക്തിയാണ്. വാജ്‌പേയിയുടെ ശവകുടീരം സന്ദര്‍ശിക്കുന്നത് ഒരു ഫോട്ടോ ഓപ്പായി(മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വരാനുള്ള അവസരം) മാത്രം എടുക്കാതെ അദ്ദേഹത്തിന്‍റെ ആദര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി ഉള്‍ക്കൊള്ളണമെന്നും ശര്‍മ പറഞ്ഞു.