ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി. രാഹുലിന്‍റെ ഫോണ്‍ ചോര്‍ത്തിയതായി കരുതുന്നുണ്ടെങ്കില്‍ അന്വേഷണത്തിനായി നല്‍കണമെന്ന് ബിജെപി വക്താവ് രാജ്യവർദ്ധൻ സിങ് റാത്തോഡ് പറഞ്ഞു. രണ്ട് തവണ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ നിരസിച്ചതിനാല്‍ രാഹുല്‍ ഗാന്ധി സഭാ നടപടികള്‍ തടസപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ബിജെപി വക്താവ് പറഞ്ഞു.
'ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റിലെ പ്രകടനം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം'. രാജ്യവർദ്ധൻ സിങ് പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നിയമ വിധേനയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു ഏജന്‍സിയും ആരുടേയും ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തിയിട്ടില്ലെന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.