മുംബൈ:വി ഡി സവർക്കറെ വിമർശിക്കുന്നതിനെതിരെ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ രംഗത്ത്. 'കഴിയുമെങ്കിൽ രാഹുൽ സവർക്കറെപ്പോലെ ആൻഡമാൻ ജയിലിൽ കഴിയുക. രാഹുൽ ഗാന്ധി പറഞ്ഞ അഭിപ്രായത്തിൽ മഹാരാഷ്ട്രയിലെ പൗരന്മാർ അസ്വസ്ഥരാണ്. കഴിയുമെങ്കിൽ രാഹുൽ ഗാന്ധി ആൻഡമാൻ ജയിലിൽ പോയി ഒരു ദിവസം കഴിയണം,' തിങ്കളാഴ്‌ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.
സംസ്ഥാനത്തുടനീളം സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'സവർക്കറുടെ ത്യാഗത്തെക്കുറിച്ച് അറിയിക്കാൻ ഞങ്ങൾ സംസ്ഥാനത്തുടനീളം സവർക്കർ ഗൗരവ് യാത്ര സംഘടിപ്പിക്കും. സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്,' ഷിൻഡെ കൂട്ടിച്ചേർത്തു. 'വീർ സവർക്കറെ രാഹുൽ ഗാന്ധി അപമാനിച്ചത് അപലപനീയമാണ്. വി ഡി സവർക്കർ തന്‍റെ ജീവിതം രാജ്യത്തിനായി സമർപ്പിച്ചു,' ഷിൻഡെ വ്യക്തമാക്കി.
അതേ സമയം രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശന വേളയിലെ പ്രസംഗത്തെക്കുറിച്ചും ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. വിദേശത്ത് നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യത്തെ വിമർശിക്കുന്നതിനൊപ്പം രാഹുൽ ഗാന്ധി സവർക്കറെയും അപമാനിക്കുകയാണ് എന്നായിരുന്നു പ്രതികരണം. കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും (എൻസിപി) ചേർന്ന് ശിവ സേനയുടെ അടിസ്ഥാന തത്വങ്ങൾ നേർപ്പിക്കുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെയും പരോക്ഷമായി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു.
'സവർക്കറെ അപമാനിക്കുന്നത് സഹിക്കില്ലെന്ന് നേരത്തെ പറഞ്ഞവർ, രാഹുൽ ഗാന്ധിയെ പിന്തുണച്ച് കറുത്ത ബാൻഡ് ധരിച്ചിരുന്നു. ഇത് നിർഭാഗ്യകരമാണ്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഹിക്കില്ലെന്ന് അവർ (ഉദ്ധവ് താക്കറെ) പറഞ്ഞു, ബാലാസാഹേബ് താക്കറെ ചെയ്‌തതുപോലെ അവരെ ചെരിപ്പുകൊണ്ട് അടിക്കുമോ,' ഷിൻഡെ ചോദിച്ചു.