കേരളം

kerala

ETV Bharat / bharat

അസമിലെ തേയില തോട്ടം തൊഴിലാളികളെ പാട്ടിലാക്കാന്‍ രാഹുലും പ്രിയങ്കയും - tea garden workers in Assam

തോട്ടം തൊഴിലാളികള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനേയാണ് പിന്തുണച്ചിരുന്നതെങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിക്കാണ് പിന്തുണ നല്‍കിയത്

Rahul, Priyanka trying to woo tea garden workers in Assam  രാഹുലും പ്രിയങ്കയും  അസമിലെ തേയില തോട്ട തൊഴിലാളികൾ  tea garden workers in Assam  Rahul, Priyanka
രാഹുലും പ്രിയങ്കയും

By

Published : Mar 23, 2021, 1:15 PM IST

സമിലെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന, സംസ്ഥാനത്തെ 126 നിയമസഭ മണ്ഡലങ്ങളില്‍ നാല്പതോളം മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള തേയില തോട്ട തൊഴിലാളികളുടെ പിന്തുണ തിരിച്ചു പിടിക്കാനുള്ള കഠിനശ്രമത്തിലാണ് കോണ്‍ഗ്രസ്.

മോശമായ താമസസ്ഥലങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളുമൊക്കെയായി ദുരിതങ്ങൾ അനുഭവിച്ചു വരുന്ന തികഞ്ഞ പിന്നാക്ക അവസ്ഥയിലുള്ള ഈ സമൂഹം പരമ്പരാഗതമായി കോണ്‍ഗ്രസിനേയാണ് പിന്തുണച്ചിരുന്നതെങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിക്കാണ് പിന്തുണ നല്‍കിയത്.

“ബിജെപി അധികാരത്തില്‍ വന്ന് 100 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തേയില തോട്ട തൊഴിലാളികള്‍ക്ക് എന്തൊക്കെയോ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നും തന്നെ സംഭവിച്ചില്ല. അഞ്ച് വര്‍ഷത്തെ അവരുടെ ഭരണകാലത്തിനു ശേഷം ബിജെപിയോട് കടുത്ത അതൃപ്തിയിലാണ് തോട്ടം തൊഴിലാളികള്‍,'' മുന്‍ കേന്ദ്ര മന്ത്രിയും ദിബ്രൂഗഡില്‍ നിന്നും അഞ്ച് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവുമായ പബന്‍ സിങ് ഗട്ടോവര്‍ പറയുന്നു.

1952 മുതല്‍ തന്നെ കോണ്‍ഗ്രസിനെയായിരുന്നു ഈ സമൂഹം പിന്തുണച്ചിരുന്നതെന്നും എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പോടു കൂടി അവരില്‍ 60 ശതമാനവും ബിജെപിയിലേക്ക് കൂറുമാറുകയാണ് ഉണ്ടായത് എന്നുമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ തിരിച്ച് വരികയാണെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നു.

ബിജെപി-എജിപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സൗജന്യ അരി, പഞ്ചസാര, പാചക വാതകം എന്നിങ്ങനെയുള്ള ക്ഷേമ നടപടികളും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കലും അടക്കമുള്ള നിരവധി പദ്ധതികളാണ് തേയില തൊഴിലാളി സമൂഹത്തെ തങ്ങളുടെ അണികളാക്കി മാറ്റുവാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ നടപടികളുടെ എല്ലാം ആവേശം താമസിയാതെ ചോര്‍ന്നു പോകുകയും അതോടെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വീണ്ടും അവസരം മുൻ കണ്ട് ഊര്‍ജ്ജസ്വലരാവുകയും ചെയ്തു.

ഒറ്റക്കെട്ടായി ആര്‍ക്കെങ്കിലും ഒരു കൂട്ടര്‍ക്ക് വോട്ട് ചെയ്യുന്ന പതിവുള്ള തേയില തോട്ട തൊഴിലാളികളുടെ രാഷ്ട്രീയപരമായ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ പ്രത്യേക വിഭാഗത്തിന്‍റെ വിശ്വാസം തിരിച്ചു പിടിക്കുവാനായി കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതൃത്വം നിശ്ചിത ലക്ഷ്യത്തോടെയുള്ള ഒരു ആസൂത്രണത്തിന് തുടക്കം കുറിച്ചത്.

ഈ ആസൂത്രണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസിന്‍റെ മുന്‍ തലവന്‍ രാഹുല്‍ ഗാന്ധി ഫെബ്രുവരി 14ന് ശിവസാഗറില്‍ ഒരു റാലിയിലൂടേയാണ് തന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. തന്‍റെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തേയില തോട്ട തൊഴിലാളികള്‍ക്ക് പ്രതിദിനം 365 രൂപ വേതനം നല്‍കുമെന്ന് അദ്ദേഹം ഈ റാലിയില്‍ വെച്ച് വാഗ്ദാനം നല്‍കുകയുണ്ടായി.

പിന്നീട് മുതിര്‍ന്ന പാര്‍ട്ടി നേതാവായ പ്രിയങ്ക ഗാന്ധി വാദ്ര തേയില തോട്ട തൊഴിലാളികളെ സന്ദര്‍ശിക്കുകയും അവരുടെ പരാതികള്‍ നേരിട്ട് കേട്ട ശേഷം അവരെ അവഗണിച്ചതിന് ഭരണസഖ്യത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

തുടക്കത്തില്‍ അല്‍പ്പം പണം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ വരികയും പാചക വാതകം ലഭിക്കുകയും ഒക്കെ ചെയ്തുവെങ്കിലും ഒഴിഞ്ഞ പാചക വാതക സിലിണ്ടറുകള്‍ ഇപ്പോള്‍ തങ്ങളുടെ അടുക്കളയില്‍ വെറുതെ കിടക്കുകയാണെന്നും, പെട്രോളിന്‍റെയും ഡീസലിന്റേയും പാചക വാതകത്തിന്‍റെയും വിലകള്‍ കുത്തനെ ഉയര്‍ന്നതോടെ തോട്ടം തൊഴിലാളികളെ അത് സാരമായി ബാധിച്ചു എന്നുമാണ് നിരവധി വനിതാ തൊഴിലാളികള്‍ തന്നോട് പറഞ്ഞത് എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥത്തില്‍ അസമിലെ വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന അഞ്ച് ഉറപ്പുകളില്‍ ഒന്നാണ് തേയില തോട്ട തൊഴിലാളികള്‍ക്കുള്ള പ്രതിദിന വേതനം 365 രൂപയാക്കും എന്നുള്ളത്.

പ്രതീകാത്മക ചിത്രം വരച്ചു കാട്ടി കൊണ്ട് പ്രിയങ്കാ ഗാന്ധി തേയില തോട്ട തൊഴിലാളികളുടെ പരമ്പരാഗത വസ്ത്രമണിഞ്ഞു കൊണ്ട് ഒരു തേയില തോട്ടത്തില്‍ വനിതാ തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളുകയുണ്ടായി. അതേ സമയം തൊട്ടടുത്ത തന്‍റെ സന്ദര്‍ശന വേളയില്‍ രാഹുല്‍ തോട്ടം തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ചു. തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ തന്‍റെ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അവരോട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

മെച്ചപ്പെട്ട വേതനം എന്നുള്ളത് തേയില തോട്ട തൊഴിലാളികളുടെ വളരെ പഴക്കം ചെന്ന ഒരു ആവശ്യമാണെന്നും ആരുമത് വേണ്ടത്ര ഒരിക്കലും ഗൗനിക്കുകയുണ്ടായിട്ടില്ല എന്നുമുള്ള വസ്തുതയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അവര്‍ക്ക് പ്രതിദിനം 365 രൂപ വേതനം നല്‍കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

ബിജെപി-എജിപി സഖ്യകക്ഷി സര്‍ക്കാര്‍ തേയില തോട്ടം തൊഴിലാളികളുടെ വേതനം 2018ല്‍ 137 രൂപയില്‍ നിന്നും 167 രൂപയാക്കി ഉയര്‍ത്തുകയും കഴിഞ്ഞ മാസം അത് വീണ്ടും 217 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തുവെങ്കിലും തൊഴിലാളികള്‍ ഇപ്പോഴും അതില്‍ സംതൃപ്തരല്ല.

തേയില തോട്ടം തൊഴിലാളികളുടെ ദയനീയമായ അവസ്ഥക്ക് കാരണം ബിജെപിയാണെന്ന് രാഹുലും പ്രിയങ്കയും ഒരുപോലെ കുറ്റപ്പെടുത്തിയതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ പണത്തെ കുറിച്ച് എടുത്തു പറയുവാന്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞര്‍ നിര്‍ബന്ധിതരായി മാറി.

കഴിഞ്ഞ മാസം സംസ്ഥാനം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തേയില തോട്ടം തൊഴിലാളികളുടെ വികസനത്തെ അസമിന്‍റെ വികസനവുമായി ബന്ധപ്പെടുത്തുകയും ഇന്ത്യന്‍ തേയിലയെ അവമതിച്ചു കാട്ടുവാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചന തന്നെ നടക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.

തേയില തോട്ട മേഖലക്ക് കേന്ദ്ര ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയില തോട്ട തൊഴിലാളികള്‍ക്ക് മുഴുവന്‍ 3000 രൂപ വീതം ധനസഹായം നല്‍കുമെന്നും അതിനു പുറമെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സഞ്ചരിക്കുന്ന മരുന്ന് വണ്ടികള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രസ്തുത വേളയില്‍ പറയുകയുണ്ടായി.

-അമിത് അഗ്നിഹോത്രി

ABOUT THE AUTHOR

...view details