ന്യൂഡല്‍ഹി :ഇന്ത്യയെയും ശ്രീലങ്കയെയും താരതമ്യം ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്‌മ, പെട്രോൾ വില വര്‍ധനവ്, വർഗീയ കലാപം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് രാഹുൽ ഗാന്ധി ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു. "ആളുകളുടെ ശ്രദ്ധ തിരിക്കുന്നതുകൊണ്ട് വസ്‌തുതകൾ മാറില്ല. ഇന്ത്യ ശ്രീലങ്കയെപ്പോലെയാണ് കാണപ്പെടുന്നത്" - രാഹുൽ ട്വിറ്ററില്‍ കുറിച്ചു.
'ഇന്ത്യയ്ക്കും ശ്രീലങ്കയുടെ ഗതി തന്നെ' ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
മോശമായ സാഹചര്യം കണക്കിലെടുത്ത് ലങ്കയില്‍ പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടിവന്നിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി
അദ്ദേഹം പങ്കുവച്ച ഗ്രാഫ് പ്രകാരം 2017 മുതൽ ഇരു രാജ്യങ്ങളിലും തൊഴിലില്ലായ്‌മ വർധിക്കുകയാണ്. രണ്ടാമത്തെ ജോഡി ഗ്രാഫുകൾ ഇന്ത്യയിലെയും ശ്രീലങ്കയിലെയും പെട്രോൾ വിലയും 2017 മുതൽ അത് എങ്ങനെ വർധിച്ചുകൊണ്ടിരുന്നുവെന്നും 2021 മുതൽ അത് എങ്ങനെ കുതിച്ചുയര്‍ന്നു എന്നും കാണിക്കുന്നു. മൂന്നാമത്തെ ജോഡി ഗ്രാഫുകൾ 2020-21 ൽ വർഗീയ കലാപം കുത്തനെ ഉയരുന്നതായി കാണിക്കുന്നു.
ഇന്ത്യയിലെ സ്ഥിതിഗതികൾ ശ്രീലങ്കയുടേതിന് സമാനമായ രീതിയില്‍ പോകുകയാണെന്നും മോശമായ സാഹചര്യം കണക്കിലെടുത്ത് ലങ്കയില്‍ പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന്‍റെയും ഇന്ധനത്തിന്‍റെയും വിലവർധനവിൽ കേന്ദ്രത്തെ അദ്ദേഹം മുന്‍പും വിമര്‍ശിച്ചിരുന്നു.