ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ആസാദ്‌പുരിയിലെ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണിത്. പുലര്‍ച്ചെ നാല് മണിയോടെയാണ് രാഹുല്‍ ഗാന്ധി മാര്‍ക്കറ്റില്‍ എത്തിയത്.
വിലക്കയറ്റം അടക്കം വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി വ്യാപാരികളോട് ചോദിച്ചറിഞ്ഞു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പച്ചക്കറികളുടെ ഗുണനിലവാരത്തെ കുറിച്ചും അന്വേഷിച്ചു. മാര്‍ക്കറ്റിലെത്തുന്നവയില്‍ അധികം പച്ചക്കറികളുടെ അടിസ്ഥാന വില ഏകദേശം 100 രൂപയോളമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം നിലവില്‍ ക്ഷാമം നേരിടുന്ന തക്കാളിയുടെ വില 200 രൂപ കടന്നുവെന്നും വ്യാപാരികള്‍ പറഞ്ഞു.
അമിത വിലക്കയറ്റം കാരണം വ്യാപാരികള്‍ പൊറുതി മുട്ടിയിരിക്കുകയാണെന്നും പച്ചക്കറികള്‍ക്ക് വിലക്കയറ്റമുണ്ടായതോടെ അവ കര്‍ഷകരില്‍ നിന്നും വാങ്ങാനാകാത്ത സ്ഥിതിയാണുള്ളതെന്നും മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. അമിത വിലക്കയറ്റം കാരണം പല ദിവസങ്ങളിലും 200 രൂപ പോലും ലാഭമുണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
മാര്‍ക്കറ്റില്‍ അകമഴിഞ്ഞ സ്വീകരണം: പുലര്‍ച്ചെ നാലു മണിക്ക് മാര്‍ക്കറ്റിലെത്തിയ രാഹുല്‍ ഗാന്ധിയെ വ്യാപാരികള്‍ സന്തോഷത്തോടെ സ്വീകരിച്ചു. മാര്‍ക്കറ്റിലെത്തിയ വ്യാപാരികളോടും ഉപഭോക്താക്കളോടും രാഹുല്‍ ഗാന്ധി സംസാരിച്ചു. രാഹുല്‍ ഗാന്ധിയെ കാണാന്‍ മാര്‍ക്കറ്റില്‍ ജനം തടിച്ച് കൂടി. പച്ചക്കറി വിപണിയും വ്യാപാരികളും നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളും രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞു.
നടക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര 136 ദിവസങ്ങളില്‍ ഒതുങ്ങുന്നല്ലെന്ന് വ്യാപാരികളോട് അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയെ കുറിച്ചുളള വ്യാപാരികളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. രാജ്യത്തുടനീളം പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്കുള്ള വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു.
വിലക്കയറ്റം സാധാരണക്കാരെ ദുരിതത്തിലാക്കിയെന്ന് ട്വീറ്റ്: ആസാദ്‌പുരിയിലെ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയും വ്യാപാരികളുമായി സംവദിക്കുകയും ചെയ്‌തതിന് പിന്നാലെ രാജ്യത്തെ സാധാരണക്കാര്‍ ദുരിതത്തിലാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ''നിലവില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് പിടിപാടും അധികാരവുമുള്ളവര്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മറുവശത്ത് സാധാരണ ജനങ്ങള്‍ സാമ്പത്തികമായും അടിസ്ഥാനപരവുമായ ആവശ്യങ്ങള്‍ പോലും നിറവേറ്റാനാകാത്ത സ്ഥിതിയിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
പച്ചക്കറി വിലക്കയറ്റത്തില്‍ ദുരിതത്തിലായ ഒരു വ്യാപാരിയുടെ വീഡിയോ പങ്കിട്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങൾ പല പൗരന്മാർക്കും കൈയെത്താത്ത ദൂരത്തിലാണെന്നും'' അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. മലപ്പുറം കോട്ടക്കലിലെ ആര്യവൈദ്യശാലയില്‍ കാല്‍മുട്ട് വേദനയ്‌ക്ക് ചികിത്സ തേടിയ രാഹുല്‍ ഗാന്ധി രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്.
ഹരിയാനയിലെ വയലിലും സന്ദര്‍ശം നടത്തി: സമൂഹത്തിലെ ഓരോ മേഖലയിലെയും ജനങ്ങളെ നേരില്‍ കണ്ട് അവരുടെ കാര്യങ്ങള്‍ ആരായുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാഹുല്‍ ഗാന്ധി ഹരിയാനയിലെ വയലുകളിലെത്തി കര്‍ഷകരുമായി സംവദിച്ചിരുന്നു. കര്‍ഷകര്‍ക്കൊപ്പം കൃഷി ജോലികളില്‍ ഏര്‍പ്പെട്ട രാഹുല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കി. സംസാരത്തിനിടെ ഡല്‍ഹിയും രാഹുല്‍ ഗാന്ധിയുടെ വീടും സന്ദര്‍ശിക്കണമെന്ന കര്‍ഷകരുടെ ആവശ്യം അദ്ദേഹം നിറവേറ്റി. ഒരു വാഹനം ഏര്‍പ്പാടാക്കി സ്വന്തം വീട്ടിലേക്ക് കര്‍ഷകരെ ക്ഷണിച്ചു. കൂടാതെ ഡല്‍ഹിയിലെ പ്രധാനയിടങ്ങളിലെല്ലാം സന്ദര്‍ശന സൗകര്യവും ഏര്‍പ്പാടാക്കി നല്‍കിയിരുന്നു.