സൂറത്ത്: മോദി പരാമർശത്തില്‍ സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച പശ്‌ചാത്തലത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാക്കുകൾ പരാമർശിച്ചാണ് ട്വിറ്ററില്‍ രാഹുലിന്‍റെ പ്രതികരണം. 'എന്‍റെ മതം സത്യത്തിലും അഹിംസയിലും അധിഷ്‌ഠിതമാണ്. സത്യമാണ് എന്‍റെ ദൈവം, അത് നേടാനുള്ള മാർഗം അഹിംസയാണ്'. മഹാത്മാഗാന്ധി ഇങ്ങനെയാണ് രാഹുലിന്‍റെ ട്വീറ്റ്.
തന്‍റെ പരാമര്‍ശത്തിന്‍റെ ഉദേശം മോശമായിരുന്നില്ലെന്നും ആരും വേദനിക്കണമെന്ന ലക്ഷ്യത്തോടെയല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവും 15000 രൂപ പിഴയും വിധിച്ചത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിലാണ് സൂറത്ത് സിജെഎം കോടതി ശിക്ഷ വിധിച്ചത്. അതിന് ശേഷം രാഹുലിന് ജാമ്യവും അനുവദിച്ചു. വിധി പ്രസ്‌താവം കേൾക്കാൻ രാഹുല്‍ കോടതിയിലെത്തിയിരുന്നു.
രാജ്യത്തെ എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി കൂടിയുണ്ട് എന്നാണ് പ്രസംഗത്തിനിടെ രാഹുല്‍ പരാമർശിച്ചത്. ഗുജറാത്തിലെ വിവാദ വജ്രവ്യാപാരി നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പരാമർശിച്ചാണ് പ്രസംഗമെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. രാഹുലിന്‍റെ പരാമർശം മോദി സമുദായത്തില്‍ പെട്ടവർക്ക് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും ഗുജറാത്ത് എംഎല്‍എയുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
also read:'കള്ളന്മാരുടെയെല്ലാം പേരിനൊപ്പം മോദി': പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്, പിന്നാലെ ജാമ്യം