ന്യൂഡൽഹി : ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ ചുമട്ടുതൊഴിലാളികളുമായി (porters at the Anand Vihar railway station) ആശയവിനിമയം നടത്തിയതിന്‍റെ വീഡിയോ പങ്കിട്ട് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi). രാജ്യം നേരിടുന്ന റെക്കോഡ് തൊഴിലില്ലായ്‌മ (record unemployment), പണപ്പെരുപ്പം (inflation) എന്നീ പ്രശ്‌നങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ എക്‌സ് പോസ്‌റ്റ്. സെപ്‌റ്റംബർ 21 ന് ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ രാഹുൽ അവിടെയുള്ള ചുമട്ടുതൊഴിലാളികളുമായി സംവദിക്കുന്നതിന്‍റെ ചിത്രങ്ങൾ (Rahul Gandhi's Interaction With Porters) സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ആശയവിനിമയത്തിലെ വിഷയങ്ങളിൽ ഊന്നിയുള്ള വീഡിയോ പങ്കിട്ടത്. സ്‌റ്റേഷനിലെ ചുമട്ടുതൊഴിലാളികൾക്ക് ശമ്പളമോ പെൻഷനോ ആരോഗ്യ ഇൻഷുറൻസോ റെയിൽവേയിൽ നിന്നുള്ള സർക്കാർ സൗകര്യങ്ങളോ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും കഠിനാധ്വാനികളായ ആളുകളാണ് ചുമട്ടുതൊഴിലാളികൾ. ദശലക്ഷക്കണക്കിന് യാത്രക്കാരെ സഹായിക്കാൻ ഇവർ കഷ്‌ടപ്പെടുന്നു. എന്നാൽ വളരെ കുറച്ച് ആനുകൂല്യങ്ങൾ മാത്രമാണ് ഇത്തരക്കാർക്ക് ലഭിക്കുന്നത്.
വിദ്യാസമ്പന്നരായവരും ചുമട്ടുതൊഴിലാളികൾ : ഇന്ന് ഇന്ത്യയിലെ വിദ്യാസമ്പന്നരായ നിരവധി യുവാക്കൾ റെയിൽവേ സ്റ്റേഷനുകളിൽ ചുമട്ടുതൊഴിലാളികളായി ഉപജീവനം നടത്തുകയാണ്. രാജ്യത്തെ തൊഴിലില്ലായ്‌മയാണ് ഇതിന് കാരണം. പ്രതിദിനം 400 മുതൽ 500 രൂപ വരെയാണ് ഇവർ ആകെ സമ്പാദിക്കുന്നത്. ഈ തുക കൊണ്ട് വീട്ടുചെലവുകൾ പോലും നടത്താൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.