ന്യൂഡൽഹി : ട്രക്ക് ഡ്രൈവർമാരുമായുള്ള യാത്രയ്ക്ക് പിന്നാലെ വർക്ക് ഷോപ്പ് തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ കരോൾബാഗിലെ ഒരു ബൈക്ക് വർക്ക് ഷോപ്പിലെത്തിയാണ് രാഹുൽ ഗാന്ധി തൊഴിലാളികളുമായി സംവദിച്ചത്. ഏകദേശം രണ്ട് മണിക്കൂറോളം രാഹുൽ ഗാന്ധി വർക്ക് ഷോപ്പിൽ ചെലവഴിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ആരംഭിച്ച സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഗാന്ധി വർക്ക് ഷോപ്പിൽ എത്തിയത്. മെക്കാനിക്കുകളുമായി ആശയ വിനിമയം നടത്തിയ രാഹുൽ ഗാന്ധി അവരുടെ ജോലികൾ കണ്ട് മനസിലാക്കുകയും വാഹനത്തിന്‍റെ പണികൾ ചെയ്യാൻ അവരെ സഹായിക്കുകയും ചെയ്‌തു.
ജോലിക്കിടെ മെക്കാനിക്കുകൾ നേരിടുന്ന ബുദ്ധിമുട്ടുകളും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. രാഹുലിനെ കണ്ട് വൻ ജനാവലിയാണ് പ്രദേശത്ത് തടിച്ചു കൂടിയത്. തൊഴിലാളികൾക്കൊപ്പവും അവിടെ തടിച്ച് കൂടിയ ജനങ്ങൾക്കൊപ്പവും ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
ഇതിന്‍റെ ചിത്രങ്ങളും രാഹുൽ ഗാന്ധി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'റെഞ്ചുകൾ (നട്ടും ബോള്‍ട്ടും മുറുക്കുന്ന ഉപകരണം) തിരിക്കുന്ന, ഭാരതത്തിന്‍റെ ചക്രങ്ങളെ ചലിപ്പിക്കുന്ന കൈകളിൽ നിന്ന് പഠിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ചിത്രങ്ങൾ പങ്കുവച്ചത്. പിന്നാലെ ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
പിന്നാലെ ഈ ചിത്രങ്ങൾ കോണ്‍ഗ്രസും തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. 'ഈ കൈകൾ ഇന്ത്യയെ നിർമ്മിക്കുന്നു. ഈ വസ്‌ത്രത്തിലെ ഗ്രീസ് നമ്മുടെ അഭിമാനവും ആത്മാഭിമാനവുമാണ്. ഒരു ജനകീയ നായകൻ മാത്രമാണ് അവരെ പ്രോത്സാഹിപ്പിക്കാൻ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധി കരോൾ ബാഗിൽ ബൈക്ക് മെക്കാനിക്കുകൾക്കൊപ്പം. ഭാരത് ജോഡോ യാത്ര തുടരുന്നു'. കോണ്‍ഗ്രസ് കുറിച്ചു.
വൈറലായ ട്രക്ക് യാത്ര : 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബിജെപിയുമായുള്ള സോഷ്യൽ മീഡിയ പോരാട്ടങ്ങൾ ചൂടുപിടിക്കുന്ന ഘട്ടത്തിലാണ് രാഹുലിന്‍റെ പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയിൽ ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രാ മധ്യേ രാഹുൽ ഗാന്ധി നടത്തിയ ട്രക്ക് യാത്ര സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ട്രക്ക് ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയായിരുന്നു രാഹുലിന്‍റെ ട്രക്ക് യാത്ര. ശേഷം ജൂണിൽ നടന്ന തന്‍റെ അമേരിക്കൻ പര്യടനത്തിനിടെ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവറിനോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ യാത്രയും വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ബിജെപിയുടെ ആനിമേഷൻ വീഡിയോ : ആ നേരത്തെ 'രാഹുൽ ഗാന്ധി... ഒരു കാലാൾ' എന്ന പേരിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ബിജെപി പുറത്തിറക്കിയ ആനിമേഷൻ വീഡിയോ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാഹുൽ തന്‍റെ വിദേശ പര്യടനങ്ങളിൽ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനെതിരായ വിമർശനമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
'വിദേശ ശക്തികളുമായി ഒത്തുകളിച്ച് ഇന്ത്യയെ തകർക്കാൻ രാഹുല്‍ ശ്രമിക്കുകയാണ്. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തുടര്‍ച്ചയെ തടയാൻ 'ഇന്ത്യ വിരുദ്ധ' ശക്തികൾക്ക് വേണ്ടി രാഹുൽ പ്രവർത്തിക്കുന്നു' എന്നായിരുന്നു വീഡിയോയിൽ ആരോപിച്ചിരുന്നത്.