ന്യൂഡല്‍ഹി :മണിപ്പൂര്‍ സന്ദര്‍ശിക്കാനൊരുങ്ങികോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജൂണ്‍ 29, 30 തിയതികളിലാകും പര്യടനം. മണിപ്പൂര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായി അദ്ദേഹം സംവദിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ട്വിറ്ററിലൂടെ അറിയിച്ചു. മെയ് മാസത്തോടെ സംഘര്‍ഷം ഉടലെടുത്ത മണിപ്പൂരിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനമാണിതെന്നും വേണുഗോപാല്‍ ട്വീറ്റില്‍ കുറിച്ചു.
'കഴിഞ്ഞ രണ്ട് മാസമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന് സംഘർഷത്തിൽ നിന്ന് സമാധാനത്തിലേക്ക് നീങ്ങാൻ ഒരു സ്‌നേഹ സ്‌പര്‍ശം ആവശ്യമാണ്. ഇതൊരു മാനുഷിക ദുരന്തമാണെന്നും ഈ സാഹചര്യത്തില്‍ സ്‌നേഹത്തിന്‍റെ ശക്തിയായി മാറുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും വിദ്വേഷത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് കടമയാണെന്നും' കെസി വേണുഗോപാല്‍ കുറിച്ചു.
മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ബിഹാറില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ മണിപ്പൂര്‍ കലാപ വിഷയം ഉയര്‍ന്ന് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കലാപ മേഖലകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചിട്ടുമുണ്ട്.