ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി: 'സത്യം തുറന്നുപറഞ്ഞതിന്‍റെ പേരില്‍ എന്ത് വിലയും നല്‍കാന്‍ തയ്യാറാണെന്ന്' മുന്‍ ലോക്‌സഭ എംപി രാഹുല്‍ ഗാന്ധി. 19 വര്‍ഷമായി താന്‍ താമസിച്ചിരുന്ന ബംഗ്ലാവ് രാജ്യത്തെ ജനങ്ങള്‍ തനിക്ക് നല്‍കിയതാണെന്ന് രാഹുല്‍ പറഞ്ഞു. മോദി അപകീര്‍ത്തി കേസില്‍ ലോക്‌സഭ അംഗത്വം നഷ്‌ടമായതിനെ തുടര്‍ന്ന് തന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞ ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം.
രാഹുല്‍ ഔദ്യോഗിക വസതിയുടെ താക്കോല്‍ കൈമാറുന്ന സമയം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. 19 വര്‍ഷത്തേക്ക് ഈ ഔദ്യോഗിക വസതി തനിക്ക് സമ്മാനിച്ച ഹിന്ദുസ്ഥാനിലെ ജനങ്ങള്‍ക്ക് നന്ദിയറിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ഇനി കുറച്ചുനാള്‍ 10 ജനപഥിലാണ് താന്‍ താമസിക്കുവാന്‍ പോകുന്നതെന്ന് രാഹുല്‍ അറിയിച്ചു.
ഇനി രാഹുല്‍ സോണിയയ്‌ക്കൊപ്പം: 12ാം നമ്പര്‍ തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഇന്ന് അദ്ദേഹം ലോക്‌സഭ സെക്രട്ടേറിയറ്റിന് കൈമാറി. ഏപ്രില്‍ 14ന് രാഹുല്‍ ഗാന്ധി തന്‍റെ ഓഫിസും ചില സ്വകാര്യ വസ്‌തുക്കളും ബംഗ്ലാവില്‍ നിന്ന് മാറ്റിയിരുന്നു. 10 ജനപഥിലുള്ള രാഹുലിന്‍റെ മാതാവ് സോണിയ ഗാന്ധിയുടെ വീട്ടിലേക്കായിരുന്നു രാഹുല്‍ തന്‍റെ സാമഗ്രികള്‍ മാറ്റിയിരുന്നത്.
രാഹുലിന്‍റെ സാമഗ്രികളുമായി ഒരു ട്രക്ക് സോണിയയുടെ വസതിയിലേക്ക് പോകുന്നത് കണ്ടിരുന്നു. രണ്ട് പതിറ്റാണ്ടുകളായി രാഹുല്‍ താമസിച്ചിരുന്നത് 12-ാം നമ്പര്‍ തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവിലായിരുന്നു. 2004ല്‍ ആദ്യമായി ലോക്‌സഭ അംഗത്വം സ്വീകരിച്ചപ്പോഴായിരുന്നു രാഹുലിന് 12-ാം നമ്പര്‍ തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്.
2019 വരെ അമേഠി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ആയിരുന്നു രാഹുല്‍ മത്സരിച്ചത്. എന്നാല്‍, 2019ല്‍ അമേഠിയില്‍ രാഹുലിന് തോല്‍വി നേരിട്ടപ്പോള്‍ കേരളത്തിലെ വയനാട്ടില്‍ അദ്ദേഹം വിജയം ഉറപ്പിച്ചു. 12-ാം നമ്പര്‍ തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവില്‍ തനിക്ക് സന്തോഷകരമായ നിരവധി ഓര്‍മകളുണ്ടെങ്കിലും നിയമം അനുസരിക്കേണ്ടിയിരിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
രാഹുലിനെ ലക്ഷ്യം വയ്‌ക്കുന്നുവെന്ന് പ്രവര്‍ത്തകര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംരംഭകന്‍ ഗൗതം അദാനിയും തമ്മിലുള്ള ബന്ധം സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുതല്‍ രാഹുലിനെ ബിജെപി ലക്ഷ്യം വച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മാര്‍ച്ച് 23ലെ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്‍റെ അഭിഭാഷകന്‍ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍, ഏപ്രില്‍ 20ന് സെഷന്‍സ് കോടതി രാഹുലിന്‍റെ അപ്പീല്‍ റദ്ദാക്കിയിരുന്നു. സെഷന്‍സ് കോടതിയില്‍ നിന്ന് രാഹുലിന് സ്‌റ്റേ ലഭിച്ചിരുന്നുവെങ്കില്‍ ഇന്ന് രാഹുലിന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിയേണ്ടി വരില്ലായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ഹര്‍ജി തള്ളിയേക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയതിനെ തുടര്‍ന്ന് സമയപരിധിക്കുള്ളില്‍ രാഹുല്‍ തന്‍റെ സാധനങ്ങള്‍ മാറ്റുവാനും ഔദ്യോഗിക വസതി ഒഴിയുവാനും തയ്യാറെടുത്തിരുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചു. സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നും പാര്‍ട്ടി അറിയിച്ചു.