ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. എന്നാൽ ആരോപണം നിഷേധിച്ച ട്വിറ്റർ, അക്കൗണ്ടിലെ ചില സംവിധാനങ്ങൾ മാത്രമാണ് താത്‌കാലികമായി പരിമിതപ്പെടുത്തിയതെന്ന് വ്യക്തമാക്കി.
സ്വകാര്യ വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിനെതിരായ ട്വിറ്ററിന്‍റെ നിയമങ്ങളെ ലംഘിക്കുന്നുവെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്‌തിരുന്നു. ഡൽഹിയിൽ ക്രൂരപീഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്‌ച നടത്തിയ ചിത്രമായിരുന്നു അദ്ദേഹം പങ്കുവച്ചത്.
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചുവെന്ന് കോൺഗ്രസ്; നിഷേധിച്ച് ട്വിറ്റർ ALSO READ:ബംഗാളിലെ വിമത നേതാവിനെ പുറത്താക്കാനൊരുങ്ങി ബി.ജെ.പി; വീണ്ടും തൃണമൂലിലേക്കെന്ന് സൂചന
ട്വീറ്റ് നീക്കം ചെയ്‌തതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് നേരിട്ട് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുമെങ്കിലും, ട്വീറ്റ്, റീട്വീറ്റ്, പോലുള്ള ചില സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നായിരുന്നു കോൺഗ്രസ് ആരോപണം.
എന്നാൽ നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യപ്പെടുകയാണെങ്കിൽ അക്കൗണ്ടിലെ ഇത്തരം സംവിധാനങ്ങളും താത്‌കാലികമായി നീക്കം ചെയ്യപ്പെടുമെന്നും തുടർന്ന് 12 മണിക്കൂറിനുള്ളിൽ ഇവ പുനഃസ്ഥാപിക്കപ്പെടുമെന്നും ട്വിറ്റർ അറിയിച്ചു.