ന്യൂഡൽഹി: ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്. അധികാരം കൈയാളുന്ന വർഗീയവാദികൾ ദ്വീപിനെ നശിപ്പിക്കുകയാണ്. അവിടുത്തെ ജനതയ്‌ക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു. ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ അറിയിച്ച് ട്വിറ്ററിലാണ് രാഹുൽ, മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. ദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ വികലമായ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഹുലിന്‍റെ ട്വീറ്റ്. പ്രഫുൽ പട്ടേലിന്‍റേത് ജനവിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ച് ലക്ഷദ്വീപ് ബിജെപി ഘടകവും രംഗത്തെത്തിയിരുന്നു.
വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി - Rahul Gandhi on Lakshadweep Issue
ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമെന്ന് രാഹുൽ ഗാന്ധി.
Also Read:ലക്ഷദ്വീപിന് ഐക്യദാർഢ്യം; സംയുക്ത പ്രമേയം ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ
അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന ആവശ്യമുന്നയിച്ച് ദ്വീപിലെ ബിജെപി ജനറൽ സെക്രട്ടറി എച്ച്.കെ മൊഹമ്മദ് കാസിം നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രഫുല്‍ കെ പട്ടേൽ പാർട്ടിയുമായി സഹകരിക്കുന്നില്ല, ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നു, ദ്വീപിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കി, ദുരിത സാഹചര്യം കണക്കിലെടുക്കുന്നില്ല, കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തി, 500 താൽക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു, 15 സ്കൂളുകൾ അടച്ചു പൂട്ടി, അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളൂ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് കത്തയച്ചത്. അഡ്മിനിസ്ട്രേറ്ററുടെ പരിഷ്‌കാരങ്ങളെ എതിർത്ത് യുവമോർച്ച ജനറൽ സെക്രട്ടറി പിപി മുഹമ്മദ് അടക്കം എട്ട് നേതാക്കൾ ചൊവ്വാഴ്‌ച രാജിവച്ചിരുന്നു.