ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്‍റെ കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിച്ചുള്ള കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ പത്ത് മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (സെക്ഷന്‍ 50) പ്രകാരം രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി.
തിങ്കളാഴ്‌ച രാവിലെ 11.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 2.15ന് നിർത്തിവച്ചു. തുടര്‍ന്ന് ഉച്ച ഭക്ഷണത്തിന് ശേഷം 3.45ന് പുനരാരംഭിച്ച മൊഴിയെടുക്കല്‍ രാത്രിയും തുടര്‍ന്നു. നേരത്തെ ജൂണ്‍ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് ഇ.ഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലും വിദേശത്താണെന്നത് പരിഗണിച്ച് ജൂണ്‍ 13ലേക്ക് മാറ്റുകയായിരുന്നു.
Read more: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസ്: രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌തു
പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം: രാവിലെ 11 ഓടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നിന്ന് പാർട്ടി പ്രവർത്തകർക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസിലേക്ക് പുറപ്പെട്ടത്. സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. എന്നാല്‍ ഇ.ഡി ഓഫിസിലേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞു.
Also read: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നിലപാട് രാഷ്‌ട്രീയ പകപോക്കലെന്ന് വി.ഡി സതീശന്‍
പൊലീസ് നിര്‍ദേശത്തെ തുടർന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാഹനത്തിലാണ് ഇഡി ഓഫിസിലെത്തിയത്. ഇതിനിടെ, ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷമുണ്ടായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാർഗെ, ലോക്‌സഭ കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more: രാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസില്‍, അനുഗമിച്ച് പ്രവര്‍ത്തകര്‍, നേതാക്കളെ കൈയേറ്റം ചെയ്‌ത് പൊലീസ്
പ്രതികാര രാഷ്‌ട്രീയമെന്ന് കോണ്‍ഗ്രസ് : കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പ്രതികാര രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇ.ഡി, സിബിഐ, ഐടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തെ എതിർക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. 'നിയമം എല്ലാവർക്കും തുല്യമായിരിക്കണം. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ ലക്ഷ്യം വച്ച് സമൻസ് അയയ്‌ക്കുന്നു, ആദായനികുതി, ഇ.ഡി, സിബിഐ പരിശോധനകള്‍ നടക്കുന്നു. അത് തെറ്റാണ്' - ഗെലോട്ട് വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാര്‍ഗെയെയും പവന്‍ കുമാര്‍ ബന്‍സാലിനേയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധിയ്ക്ക് ഇ.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.