ന്യൂഡൽഹി :കർണാടകയിലെ കോലാറിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി രാഹുൽ ഗാന്ധി.ഏപ്രിൽ 16ന്കർണാടകയിലെ കോലാറിൽ നടക്കുന്ന റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. റാലിയിൽ സംസ്ഥാന ഘടകം മേധാവി ഡി കെ ശിവകുമാറും സിഎൽപി നേതാവ് കെ സിദ്ധരാമയ്യയും ഉൾപ്പെടെ എല്ലാ മുതിർന്ന സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു.
പാർട്ടി പ്രചാരണം, വരാനിരിക്കുന്ന കോലാർ റാലി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ വയനാട് സന്ദർശനത്തിന് മുന്നോടിയായി മുൻ മുഖ്യമന്ത്രിയും സിഎൽപി നേതാവുമായ കെ സിദ്ധരാമയ്യ ഡൽഹിയിൽ രാഹുലുമായി കൂടിക്കാഴ്‌ച നടത്തി. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ഏപ്രിൽ 11ന് രാഹുൽ ഗാന്ധി തന്‍റെ മണ്ഡലമായ വയനാട്ടിൽ സന്ദർശനം നടത്തിയിരുന്നു.
മോദി പരാമർശവും അയോഗ്യതയും: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. കോലാറിൽ 2019 ഏപ്രിൽ 13ന് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി എന്നിവരുടെ പേരുകൾ തമ്മിലുള്ള സാമ്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് ഉള്ളത് എന്തുകൊണ്ടാണ്' എന്നാണ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞത്. ഇതിനെതിരെ മോദി സമുദായത്തെ ചൂണ്ടിക്കാട്ടി എന്ന് ആരോപിച്ച് ഗുജറാത്ത് മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ബിജെപി നേതാവ് പൂർണേഷ് മോദി പരാതി നൽകി. തുടർന്ന് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.