ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും ആളുകളുടെ റിട്ടയര്‍മെന്‍റ് ഫണ്ട് അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചത്.
'എല്‍ഐസിയുടെ മൂലധനം അദാനിക്ക്, എസ്‌ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്‌ഒയുടെ മൂലധനം പോലും അദാനിക്ക്. 'മോദാനി'യെക്കുറിച്ച് പുറംലോകം അറിഞ്ഞതിന് ശേഷവും ആളുകളുടെ റിട്ടയര്‍മെന്‍റ് ഫണ്ടുകള്‍ വീണ്ടും എന്തിനാണ് അദാനി ഗ്രൂപ്പുകളില്‍ നിക്ഷേപിക്കുന്നത്. പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരവുമില്ല, എന്തിനാണ് ഇത്രയുമധികം ഭയക്കുന്നത്?' - ട്വിറ്ററിലൂടെ അദ്ദേഹം ചോദിച്ചു.
ചരിത്രം തിരുത്തിയെഴുതിയ റിപ്പോര്‍ട്ട്: യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ സ്‌ഫോടനാത്മകമായ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വരെ ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിലെ വലിയ ധനികനുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ തലവന്‍ ഗൗതം അദാനി. വഞ്ചനാപരമായ ഇടപാടുകളും ഓഹരി വില കൃത്രിമത്വവും ഉള്‍പെടെയുള്ള ആരോപണങ്ങളായിരുന്നു അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചത്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്ന നിമിഷം മുതല്‍ തന്നെ കിതച്ചുതുടങ്ങിയ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ വന്‍ തോതില്‍ വിറ്റഴിക്കപ്പെട്ടതോടെ ദിനംപ്രതി അദാനി എന്ന ധനികന്‍ നേരിട്ടത് കോടികളുടെ നഷ്‌ടമാണ്.
ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്നും കള്ളമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പ്രതികരണം. മാത്രമല്ല, ഒരു പ്രത്യേക കമ്പനിക്ക് നേരെ മനഃപൂര്‍മായ ആക്രമണമാണ് ഇതെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, കമ്പനിയുടെ വളര്‍ച്ച എന്നിവയ്‌ക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ദേശീയവാദവും ആരോപണങ്ങളെ അവഗണിച്ചുമുള്ള പ്രതികരണങ്ങളുംകൊണ്ട് വഞ്ചന എന്നത് ഇല്ലാതാകുന്നില്ല എന്ന് ഹിന്‍ഡന്‍ബര്‍ഗും പ്രതികരിച്ചിരുന്നു.