ട്രക്കിൽ യാത്ര ചെയ്‌ത് രാഹുൽ ഗാന്ധി ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്രക്ക് യാത്ര. തിങ്കളാഴ്‌ച ഡൽഹിയിൽ നിന്ന് ഷിംലയിലേക്കുള്ള യാത്രാ മധ്യേ ഹരിയാനയിലെ മുർത്തലിൽ നിന്ന് അംബാലയിലേക്കാണ് രാഹുൽ ഗാന്ധി ട്രക്കിൽ യാത്ര ചെയ്‌തത്. ട്രക്ക് ഡൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുൽ ട്രക്കിൽ യാത്ര ചെയ്‌തതെന്നാണ് കോണ്‍ഗ്രസ് നൽകുന്ന വിശദീകരണം.
ഷിംലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഹോദരി പ്രിയങ്ക ഗാന്ധിയെ കാണുന്നതിനായാണ് രാഹുൽ യാത്ര തിരിച്ചത്. ഈ യാത്രാമധ്യേയാണ് ട്രക്ക് യാത്രയും നടത്തിയത്. തിങ്കളാഴ്‌ച 11 മണിയോടെ ഹരിയാനയിലെ മുർത്തലിൽ എത്തിയ രാഹുൽ ഗാന്ധി 12 മണിയോടെയാണ് ട്രക്ക് യാത്ര ആരംഭിച്ചത്. അംബാലയിലെത്തി രാഹുൽ ഗാന്ധി ട്രക്ക് ഡ്രൈവർമാരോട് അവരുടെ പ്രശ്‌നങ്ങൾ സംസാരിച്ച ശേഷം ഷിംലയിലേക്ക് യാത്ര തിരിച്ചു.
ലോറിയിൽ ഇരുന്ന് കൊണ്ട് രാഹുൽ അണികളെ കൈവീശി കാണിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് രാഹുലിന്‍റെ അപ്രതീക്ഷിത യാത്രയെക്കുറിച്ച് പുറം ലോകം അറിയുന്നത്. പിന്നാലെ കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്‌ക്കുകയായിരുന്നു.
ലോറിയിൽ ഇരുന്നുകൊണ്ട് അണികൾക്ക് നേരെ കൈവീശുന്ന രാഹുലിന്‍റെ വിഡിയോ കോൺഗ്രസ് എം.പി ഇംറാൻ പ്രതാപ്ഘാരി ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തു. ലോറി ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനായി അവരെ സമീപിക്കാൻ രാഹുൽ ഗാന്ധിക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് കുറിച്ച് കൊണ്ടാണ് ഇംറാൻ പ്രതാപ്ഘാരി വീഡിയോ പങ്കുവച്ചത്.
കോൺഗ്രസ് നേതാവ് സുപ്രീയ ഷ്രിൻഡെയും രാഹുലിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. ഈ രാജ്യത്തെ ജനങ്ങളെ ശ്രദ്ധിക്കാനും അവരുടെ വെല്ലുവിളികളും പ്രശ്‌നങ്ങളും മനസിലാക്കാനും രാഹുൽ ആഗ്രഹിക്കുന്നു. ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളുണ്ട്, അവരുടെ നല്ല നാളേക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറുള്ള ഒരാളുണ്ട്, വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ വഴി തുറക്കുന്ന ഒരാളുണ്ട് എന്ന വിശ്വാസമാണ് രാഹുൽ പ്രചരിപ്പിക്കുന്നതെന്നും വീഡിയോക്കൊപ്പം സുപ്രീയ ഷ്രിൻഡെ കുറിച്ചിരുന്നു.
രാഹുലിന്‍റെ അപ്രതീക്ഷിത സന്ദർശനങ്ങൾ: കഴിഞ്ഞ ഒരു മാസമായി രാഹുൽ പൊതുവിടങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതും പൊതുജനങ്ങളുമായി ചർച്ചകളിലേർപ്പെടുന്നതും പതിവാണ്. അടുത്തിടെ ബംഗാളി മാർക്കറ്റ്, ജുമാ മസ്‌ജിദ് എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം അവിടെ പൊതുജനങ്ങളോടൊപ്പം തെരുവിലെ കടയിൽ നിന്ന് ഭക്ഷണം ഉൾപ്പെടെ കഴിച്ചിരുന്നു.
നേരത്തെ യുപിഎസ്‌സി ഉദ്യോഗാർഥികളുമായി സംവദിക്കാൻ അദ്ദേഹം നോർത്ത് ഡൽഹിയിലെ മുഖർജി നഗർ ഏരിയ സന്ദർശിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ പിജി മെൻസ് ഹോസ്റ്റലിൽ എത്തി വിദ്യാർഥികൾക്കൊപ്പം സംവദിച്ചതും ഉച്ചഭക്ഷണം കഴിച്ചതും വാർത്തകളിൽ ഇടം നേടി. ചേരി നിവാസികളോട് സംസാരിക്കാൻ ഡൽഹിയിലെ ഷക്കൂർ ബസ്‌തി പ്രദേശവും രാഹുൽ ഗാന്ധി അടുത്തിടെ സന്ദർശിച്ചു.
ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുമെന്ന ഭയം നേരിടുന്നതായി പ്രദേശത്തെ സ്‌ത്രീകൾ രാഹുലിനെ അറിയിച്ചിരുന്നു. പ്രദേശത്ത് കൃത്യമായി ജലവിതരണം നടക്കുന്നില്ലെന്നും, അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും, എൽപിജി സിലിണ്ടറുകൾ പോലും വാങ്ങാൻ കഴിയുന്നില്ലെന്നതുൾപ്പെടെയുള്ള പരാതികളും പ്രദേശവാസികൾ രാഹുൽ ഗാന്ധിയോട് ഉന്നയിച്ചിരുന്നു.