ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തില്‍ വിവരങ്ങള്‍ തേടിയുള്ള നോട്ടിസിന് മറുപടി നല്‍കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യാത്രയ്‌ക്കിടെ ശ്രീനഗറില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായവരുമായി സംവദിച്ചുവെന്നുള്ള പരാമര്‍ശത്തിലെ വിവരങ്ങള്‍ തേടിയുള്ള ഡല്‍ഹി പൊലീസിന്‍റെ നോട്ടിസിന് രാഹുല്‍ പ്രാഥമികമായി മറുപടി നല്‍കിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. വരുന്ന എട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ വിശദമായ മറുപടി നല്‍കാമെന്ന് രാഹുല്‍ അറിയിച്ചതായും ഇവര്‍ വ്യക്തമാക്കി.
പ്രതികാര നടപടിയോ:ഭാരത് ജോഡോ യാത്ര പോലെയുള്ള പ്രചരണം നടത്തിയ ഭരണപക്ഷത്ത് നിന്നുള്ള മറ്റേതെങ്കിലും നേതാക്കളോട് തന്നോട് ചോദിച്ചതിന് സമാനമായ ചോദ്യങ്ങള്‍ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നും പൊലീസിന് നല്‍കിയ നാല് പേജുള്ള മറുപടിയില്‍ രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അദാനിക്കെതിരെയുള്ള കേസുകള്‍ ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തുമായി താന്‍ സ്വീകരിച്ച നിലപാടുമായി നിലവിലെ പൊലീസ് നടപടിക്ക് യാതൊരു ബന്ധവുമില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാഹുല്‍ മറുപടിയില്‍ പറഞ്ഞതായാണ് വിവരം.
എനിക്ക് സമയം വേണം:മാര്‍ച്ച് 16 ന് നിങ്ങള്‍ എന്‍റെ അടുത്ത് വന്നു. ഏഴ് മുതല്‍ എട്ട് ദിവസം നല്‍കണമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ നിങ്ങള്‍ മടങ്ങിയെത്തി. 140 ദിവസം നീണ്ടുനിന്ന 4000 കിലോമീറ്റർ പദയാത്രയായിരുന്നു അത്. അതിനിടെ ലക്ഷക്കണക്കിന് ആളുകളെ ഞാന്‍ കണ്ടുമുട്ടി. അതുകൊണ്ടുതന്നെ വിശദാംശങ്ങള്‍ നല്‍കാന്‍ എനിക്ക് സമയം വേണമെന്ന് രാഹുല്‍ ഗാന്ധി ഡല്‍ഹി പൊലീസിന് നല്‍കിയ മറുപടിയില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത്തരത്തില്‍ ഒരു വിവരങ്ങളും രാഹുല്‍ ഗാന്ധി തന്‍റെ പ്രാഥമിക മറുപടിയില്‍ പങ്കുവച്ചിട്ടില്ലെന്നും അതിനാല്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസും വ്യക്തമാക്കി.
എന്താണ് ആ വിവരങ്ങള്‍:ഭാരത് ജോഡോ യാത്രക്കിടെ ജനുവരി 30ന് ശ്രീനഗറില്‍ വച്ച് താൻ നിരവധി സ്‌ത്രീകളെ കണ്ടുവെന്നും അവർ തന്നോട് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് തുറന്നുപറഞ്ഞുവെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവനയിലാണ് ഡല്‍ഹി പൊലീസ് വിവരങ്ങള്‍ തേടിയത്. ഇതിന്‍റെ ഭാഗമായി ഡല്‍ഹി പൊലീസിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ ഞായറാഴ്‌ച രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ നേരിട്ടെത്തിയിരുന്നു. തങ്ങള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ എത്തിയതാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനായി തങ്ങൾ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങൾ തേടാന്‍ ശ്രമിക്കുകയാണെന്നും കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ വ്യക്തമാക്കിയിരുന്നു.
വീണ്ടുമെത്തിയത് ഗൗരവമുള്ളതിനാല്‍:എന്നാല്‍ രാഹുല്‍ ഗാന്ധി പ്രാഥമിക മറുപടി നല്‍കിയെന്നതിന്‍റെ പശ്ചാത്തലത്തില്‍ ഹൂഡ വീണ്ടും പ്രതികരിച്ചിരുന്നു. ഡൽഹിയിലെ ഏതെങ്കിലും സ്‌ത്രീ രാഹുല്‍ ഗാന്ധിയെ ഇത്തരത്തിലൊരു വിവരം ധരിപ്പിച്ചിട്ടുണ്ടോ എന്നറിയേണ്ടത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണെന്നും അങ്ങനെയെങ്കില്‍ അത് ഗൗരവമേറിയ കാര്യമാണെന്നും ഹൂഡ പറഞ്ഞു. മാത്രമല്ല അങ്ങനെയുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരകളും അതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് മാര്‍ച്ച് 15 ന് ഞങ്ങള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ചെന്നുവെങ്കിലും അദ്ദേഹത്തെ കാണാനായില്ല. പിന്നീട് 16 ന് ഞങ്ങള്‍ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചുവെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് രാഹുല്‍ ഗാന്ധിയുടെ നിലപാട് അറിയേണ്ടത് പ്രധാനമാണെന്നും സാഗര്‍ പ്രീത് ഹൂഡ കൂട്ടിച്ചേര്‍ത്തു.