കന്യാകുമാരി :കോണ്‍ഗ്രസ് നേതാവ്രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാസർകോട് വരെ നീളുന്ന ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചു. അഗസ്തീശ്വരത്ത് നിന്ന് 118 ഭാരത് യാത്രികർക്കും രാജ്യത്തുടനീളമുള്ള പാർട്ടി നേതാക്കള്‍ക്കുമൊപ്പമാണ് രാഹുൽ ഗാന്ധി പദയാത്ര ആരംഭിച്ചത്. ബിജെപി-ആർഎസ്എസ് സഖ്യം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ഇന്ത്യയുടെ ഐക്യം അവർക്ക് തകർക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്ന് ശുചീന്ദ്രം വരെയാണ് രാവിലത്തെ യാത്ര. തുടർന്ന് ഉച്ചതിരിഞ്ഞ് 3.30ന് പുനരാരംഭിക്കുന്ന യാത്ര 6.30ന് നാഗർകോവിലിൽ അവസാനിപ്പിക്കും. അടുത്ത നാല് ദിവസം തമിഴ്നാട്ടിലൂടെ കടന്നുപോകുന്ന പദയാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക.