ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കേംബ്രിഡ്‌ജ് സർവകലാശാലയിലെ തൻ്റെ പ്രസംഗത്തിന് മുന്നോടിയായി ഏറെ നാളായി വളർത്തിയിരുന്ന മുടിയും താടിയും മുറിച്ചു. ഭാരത് ജോഡോ യാത്രയിലെ താടിയുള്ള രാഹുലിൽ നിന്നും തീർത്തും വ്യത്യസ്‌തമാണ് രാഹുലിൻ്റെ ഇപ്പോഴത്തെ രൂപം. രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപമാറ്റത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. ട്വിറ്ററിൽ രാഹുലിൻ്റെ പുതിയ ചിത്രങ്ങൾ കൊണ്ടുള്ള ട്വീറ്റുകൾ നിറയുന്നു.
'ഒടുവിൽ രാഹുൽ ഗാന്ധി തൻ്റെ താടി വെട്ടി' ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. 'രാഹുലിൻ്റെ ടൈക്കും, ഷർട്ടിനും, സ്യൂട്ടിനും വിലയിടുക എന്നത് ബിജെപി ഐടി സെല്ലിന് വലിയൊരു ദൗത്യമായിരിക്കും', മറ്റൊരാൾ ട്വീറ്റ് ചെയ്‌തു.
രാഹുലിൻ്റെ താടിയും അദ്ദേഹത്തിൻ്റെ വ്യക്തിമുദ്രയായ വെളുത്ത ടി ഷർട്ടും, കൂടാതെ കാശ്‌മീർ എത്തുന്നതു വരെ ശീതകാല വസ്ത്രങ്ങളൊന്നും ധരിക്കാതിരുന്ന രാഹുലിൻ്റെ ആത്മവിശ്വാസവുമെല്ലാം അദ്ദേഹത്തിൻ്റെ രാഷ്‌ട്രീയ എതിരാളികളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. രാഹുലിൻ്റെ താടി മുറിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ മുൻപ് പറഞ്ഞിരുന്നു. രാഹുലിനെ സദ്ദാം ഹുസൈനോട് ഉപമിക്കുകയും, കൂടാതെ ഷേവ് ചെയ്‌താൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെപ്പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.
കാവിപടയുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം:കേരളത്തിൽ നിന്നും യാത്രതിരിച്ച വയനാട് എംപി രാഹുൽ ഗാന്ധി ഒരു പ്രസംഗത്തിൽ 41,000 രൂപയിലധികം വിലയുള്ള ബർബെറി ടീ ഷർട്ട് ധരിച്ച് രാജ്യത്തെ പട്ടിണിയെപ്പറ്റി സംസാരിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തെ ആർഎസ്എസിൻ്റെ കാവിപട സമൂഹമാധ്യമങ്ങളിലൂടെ ആക്രമിച്ചിരുന്നു. മഞ്ഞുകാലത്ത് ശീതകാല വസ്‌ത്രങ്ങളൊന്നും ധരിക്കാതെ പഞ്ചാബിലും ഹരിയാനയിലും യാത്രത്തുടർന്ന രാഹുലിനെതിരെ ബിജെപി ഐടി സെല്ലിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. ഡൽഹിയിലെ തണുപ്പുകാലത്ത് രാഹുലിന് തണുപ്പ് അനുഭവപ്പെടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളാണ് ഉയർന്നത്.
രാഹുലിൻ്റെ ഭാരത് ജോഡോ യാത്ര 2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജമ്മു കശ്‌മീരിലാണ് അവസാനിച്ചത്. നാലര മാസം കൊണ്ട് ഏകദേശം 4000 കിലോമീറ്റർ ദൂരം യാത്ര പിന്നിട്ടു. ചൊവ്വാഴ്‌ചയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി യുകെയിലെത്തിയത്. കേംബ്രിഡ്‌ജ് സർവകലാശാലയിലെ തൻ്റെ ഒരു പ്രസംഗത്തിനു ശേഷമാണ് ഒരാഴ്‌ചത്തെ പര്യടനം അദ്ദേഹം ആരംഭിക്കുന്നത്.
ലണ്ടനിലെ ഇന്ത്യൻ പ്രവാസികളുമായും അദ്ദേഹം ചർച്ചകൾ നടത്തുന്നുണ്ട്. കേംബ്രിഡ്‌ജ് ജഡ്‌ജ് ബിസിനസ് സ്‌കൂളിൽ (കേംബ്രിഡ്‌ജ് ജെബിഎസ്) വിസിറ്റിംഗ് ഫെല്ലോയാണ് രാഹുൽ. 'ലേര്‍ണിങ് ടു ലിസണ്‍ ഇന്‍ ദ 21സ്‌റ്റ് സെഞ്ച്വറി' എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. ജനാധിപത്യം, ബിഗ് ഡാറ്റ ഇന്ത്യ-ചൈന ബന്ധങ്ങൾ എന്നിവയെക്കുറിച്ച് സ്വകാര്യ ചർച്ചകളും രാഹുൽ സഘടിപ്പിക്കും.
സന്തോഷമറിയിച്ച് കേംബ്രിഡ്‌ജ് : 'ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എംപിയുമായ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങളുടെ കേംബ്രിഡ്‌ജ് എംബിഎ പ്രോഗ്രാം സന്തോഷം അറിയിക്കുന്നു' കേംബ്രിഡ്‌ജ് ജെബിഎസ് ചൊവ്വാഴ്‌ച ട്വീറ്റ് ചെയ്‌തു. 'എൻ്റെ സ്വന്തം കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി സന്ദർശിക്കാനും കേംബ്രിഡ്‌ജ് ജെബിഎസില്‍ ഒരു പ്രഭാഷണം നടത്താനും ഞാൻ കാത്തിരിക്കുകയാണ്. ഭൂരാഷ്‌ട്രതന്ത്രം, അന്താരാഷ്‌ട്ര ബന്ധങ്ങൾ, ബിഗ് ഡാറ്റ, ജനാധിപത്യം എന്നിങ്ങനെ വിവിധ മേഖലകളിൽ തിളക്കമാർന്ന ചില മനസുകളുടെ ഉടമകളുമായി ഇടപഴകുന്നതിൽ സന്തോഷമുണ്ട്'. ഛത്തീസ്‌ഗഡിലെ റായ്‌പൂരിൽ നടന്ന കോൺഗ്രസിൻ്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനഞ്ഞെടുത്ത ശേഷമാണ് രാഹുലിൻ്റെ യുകെ സന്ദർശനം.